സുനാമി വീടുകള്‍ ഇനിയും മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയില്ല
Posted on: 20 Aug 2015
നീലേശ്വരം: സുനാമി പുനരധിവാസപദ്ധതി പ്രകാരം നിര്‍മിച്ച വീടുകള്‍ അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് ഇനിയും നല്‍കിയില്ല. ഈ സാഹചര്യത്തില്‍ വീട് അനുവദിച്ചിട്ടും താമസിക്കാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും ഏതുനിമിഷവും തകര്‍ന്ന് വീഴാവുന്ന അപകടഭീഷണിയുള്ള വീടുകളിലാണ് കുടുംബസമേതം താമസിക്കുന്നത്.
കാഞ്ഞങ്ങാട് കടപ്പുറത്ത് സുനാമിപദ്ധതിയില് 44 വീടുകളാണ് നിര്‍മിച്ചത്. ഇതില്‍ 13 വീടുകളുടെ താക്കോല്‍ദാനം മാത്രമാണ് മാസങ്ങള്‍ക്കുമുമ്പ് നടന്നത്. 31 വീടുകള്‍ അര്‍ഹതയുള്ളവര്‍ക്ക് നല്‍കാതെ അധികാരികള്‍ വട്ടംകറക്കുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.
കേരളതീരത്ത് സുനാമി തിരമാലകള്‍ അടിച്ചപ്പോള്‍ കടല്‍ത്തീരത്ത് താമസിച്ചിരുന്ന നിരവധി കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടിരുന്നു. ഇത്തരക്കാര്‍ക്കാണ് സുനാമിപദ്ധതിയില് സര്‍ക്കാര്‍ വീട് നിര്‍മിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മാണം പൂര്‍ത്തിയായ വീടുകള്‍ പലതും അനാഥമായി കിടക്കുകയാണ്. ചില വീടുകളില്‍ മത്സ്യത്തൊഴിലാളികള്‍ താക്കോല്‍ദാനത്തിന് കാത്തുനില്‍ക്കാതെ കൈയേറി താമസം തുടങ്ങിയിട്ടുണ്ട്.
മരക്കാപ്പ് കടപ്പുറത്തെ കെ.പി.രാമദാസിന്റെ കുടുംബത്തിന് സുനാമി കോളനിയിലെ 16-ാം നമ്പര്‍ വീട് അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെ താക്കോല്‍ ലഭിക്കാത്തതിനാല്‍ രാമദാസനും കുടുംബവും തകര്‍ന്ന് വീഴാവുന്ന വീട്ടിലാണ് കഴിയുന്നത്. കാറ്റടിക്കുമ്പോഴും ശക്തമായ മഴപെയ്യുമ്പോഴും ഭീതിയുടെ നിഴലിലാണ് ഈ കുടുംബം കഴിയുന്നത്. അതിനിടയില്‍ രാമദാസിന് അനുവദിക്കപ്പെട്ട 16-ാം നമ്പര്‍ വീട്ടില്‍ ഇപ്പോള്‍ മറ്റൊരു കുടുംബം കൈയേറി താമസിക്കുന്നതായി രാമദാസന് പരാതിപ്പെട്ടു. വീട് അനുവദിച്ചിട്ടും താമസിക്കാന്‍ ഭാഗ്യമില്ലാത്ത രാമദാസനും കുടുംബവും കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ നഗരസഭ, വില്ലേജ് അധികാരികള്‍, ആര്.ഡി.ഒ. എന്നിവര്‍ക്ക് പരാതിനല്കിയെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. സര്‍ക്കാര്‍ അനുവദിച്ച വീട്ടില്‍ താമസിക്കാന്‍ ഇനിയും എത്രകാലം കാത്തിരിക്കണമെന്ന ആശങ്കയിലാണ് ഈ കുടുംബം. കാസര്‍കോട് ജില്ലയില്‍ അടുത്തദിവസം എത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കണ്ട് വീടുകള്‍ അനുവദിക്കാത്ത കാര്യം അറിയിക്കാനുള്ള നീക്കമാണ് മത്സ്യത്തൊഴിലാളികള്‍ നടത്തുന്നത്.