മട്ടുപ്പാവ് പച്ചക്കറിക്കൃഷി: തൈകള്‍ വിതരണത്തിന്
Posted on: 20 Aug 2015
കാസര്‍കോട്: കൃഷിവകുപ്പിന്റെ പച്ചക്കറിക്കൃഷിവികസന പദ്ധതിയുടെ ഭാഗമായി മട്ടുപ്പാവ്കൃഷി ചെയ്യുന്നതിന് റജിസ്റ്റര്‍ചെയ്ത നഗരസഭാപരിധിയിലെ കര്‍ഷകര്‍ക്കുള്ള ഗ്രോ ബാഗുകളും പച്ചക്കറിത്തൈകളും വിതരണത്തിന് തയ്യാറായി. 500 രൂപ നല്കി റജിസ്റ്റര്ചെയ്തവര്ക്കാണ് ഇത് നല്‍കുക. നിലേശ്വരം, കാഞ്ഞങ്ങാട് കൃഷിഭവനുകളില്‍ 200 യൂണിറ്റ് വീതവും കാസര്‍കോട് കൃഷിഭവനില്‍ 100 യൂണിറ്റ് വീതവുമാണ് വിതരണംചെയ്യുന്നത്. ഓരോ യൂണിറ്റിലും 25 വീതം ഗ്രോബാഗുകള്‍ അണുവിമുക്തമായ എട്ടുകിലോ മണല്‍, ചാണകം, ചകിരി, എല്ലുപൊടി, സ്യൂഡോമോണാസ്, കോഴിവളം തുടങ്ങിയവചേര്ത്ത് തയ്യാറാക്കിയ മിശ്രിതവും പോട്ട് ട്രെയില്‍ വളര്‍ത്തിയ അത്യുത്പാദനശേഷിയുള്ള ഒരു പച്ചക്കറിയും കൂടി കര്‍ഷകന്റെ ഭവനത്തില്‍ കൃഷിഭവനില്‍നിന്ന് എത്തിച്ചുകൊടുക്കും.
പദ്ധതിപ്രകാരം സന്നദ്ധസംഘടനകള്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്ക് വിട്ടുവളപ്പില്‍ കൃഷിചെയ്യുന്നതിനായി സൗജന്യമായി വിതരണംചെയ്യുന്ന 20 രൂപയുടെ 2.34 ലക്ഷം പച്ചക്കറിവിത്തുപായ്ക്കറ്റുകളും വിതരണത്തിനെത്തിയിട്ടുണ്ട്.
പച്ചക്കറിത്തൈകളുടെ വിതരണത്തിന്റെ കാസര്‍കോട് നഗരസഭാതല ഉദ്ഘാടനം ചെയര്മാന് ടി.ഇ.അബ്ദുള്ള നിര്‍വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.പ്രദീപ്, എം.വി.കൃഷ്ണസ്വാമി എന്നിവര്‍ സംസാരിച്ചു.
മുന്‍വര്‍ഷങ്ങളില്‍ ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി വീണ്ടും കൃഷിചെയ്യുന്നതിന് കൃഷിഭവനുകള്‍ മുഖേന കാസര്‍കോട് സീഡ് ഫാമില്‍ ഉത്പാദിപ്പിച്ച മേല്‍ത്തരം പച്ചക്കറിവിള തൈകളും ലഭ്യമാണ്. അര്‍ഹരായ കര്‍ഷകര്‍ ഉടനടി നീലേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട് കൃഷിഭവനുകളില്‍ അപേക്ഷ നല്‍കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9447638726