കാസര്‍കോട് ഗവ. കോളേജിലെ എന്‍.എസ്.എസ്. അംഗങ്ങള്‍ ഇനി ജീവദായകര്‍
Posted on: 20 Aug 2015
കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജിലെ എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ ഇനി ജീവദായകര്‍. സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ സമഗ്ര രക്തദാന പദ്ധതിയായ ജീവദായിനിയില് എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ അംഗങ്ങളായി. അവശ്യ സന്ദര്‍ഭങ്ങളില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ രക്തലഭ്യത ഉറപ്പുവരുത്തുക, സജീവമായ രക്തദാന സേന രൂപവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജീവദായിനി പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജനകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ കാസര്‍കോട് ഗവ. കോളേജില്‍ നടന്ന ജീവദായിനിയുടെ ജില്ലാതല ഉദ്ഘാടനം നഗരസഭാധ്യക്ഷന്‍ ടി.ഇ.അബ്ദുള്ള നിര്‍വഹിച്ചു. ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഷിന്റോ കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ ആമുഖപ്രഭാഷണം നടത്തി. കാസര്‍കോട് എന്‍.എസ്.എസ്. ടെക്നിക്കല്‍ സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി.ഗോവര്‍ധന കര്‍ത്തായ മുഖ്യാതിഥിയായിരുന്നു.
കാസര്‍കോട് ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സെറീന, ഗവ. കോളേജ് എന്‍.എസ്.എസ്. യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫ. സി.ഇ.അബ്ദുള്‍ നാസര്‍, പ്രൊഫ. വി.ബൈജു, ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ വി.വിനോദ്കുമാര്‍, ഗവ. കോളേജ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രൊഫ. മുഹമ്മദലി, കാസര്‍കോട് മുനിസിപ്പാലിറ്റി യുവശകതി യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ സഹീര്‍ ആസിഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അമ്പതോളം വിദ്യാര്‍ഥികള്‍ രക്തദാനം നടത്തി.