മഞ്ചേശ്വരത്ത് മോക് പോള്‍ ഇന്ന്
Posted on: 20 Aug 2015
കാസര്‍കോട്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം വ്യാഴാഴ്ച മഞ്ചേശ്വരം മേഴ്സി കണ്വെന്ഷന് ഹാളില്‍ മോക് പോള്‍ നടത്തും. വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് മൂന്നു തലത്തിലുള്ള പഞ്ചായത്തുകളിലേക്കും ഒരേസമയം വോട്ടെടുപ്പ് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് മോക് പോള്‍ നടത്തുന്നത്.
ജില്ലയില്‍ മോക് പോളിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് തിരഞ്ഞെടുത്ത ഏക പഞ്ചായത്താണ് മഞ്ചേശ്വരം. പോളിങ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പിന് ആവശ്യമായിവരുന്ന സമയം നിര്‍ണയിക്കുന്നതിനും വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അപഗ്രഥിക്കുന്നതിനുമാണ് മോക് പോള്‍ നടത്തുന്നത്. മഞ്ചേശ്വരം പഞ്ചായത്തിലെ വോട്ടമാര്‍ക്കും പങ്കെടുക്കാം. മോക് പോളിന് പഞ്ചായത്തിലെ രാഷ്ട്രീയ പ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും സഹകരിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. മോക് പോളിനുവേണ്ട സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
മോക് പോള്‍ നടക്കുന്ന കേന്ദ്രത്തില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ ഭാഗമായ ഒരു കണ്ട്രോള് യൂണിറ്റും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്ക് വെവ്വേറെ ബാലറ്റ് യൂണിറ്റുകളും സജ്ജമാക്കും. വോട്ട് ചെയ്യുന്നതിനായി പ്രത്യേകം തയ്യാറാക്കുന്ന സ്ഥലത്ത് ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തില്‍ മൂന്ന് ബാലറ്റ് യൂണിറ്റുകള്‍ സജ്ജീകരിക്കും. ഓരോ തലത്തിലുമുള്ള ബാലറ്റ് യൂണിറ്റില്‍ ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തുമ്പോള്‍ ആ സ്ഥാനാര്‍ഥിയുടെ പേരിന് നേരെ ചുവപ്പ് ലൈറ്റ് തെളിയും. ഇപ്രകാരം മൂന്ന് ബാലറ്റ് യൂണിറ്റുകളിലും വോട്ട് രേഖപ്പെടുത്തണം. മൂന്നാമത്തെ ബാലറ്റ് യൂണിറ്റില്‍ വോട്ട് പൂര്‍ത്തിയാകുമ്പോള്‍ നീണ്ട ബീപ് ശബ്ദം കേള്‍ക്കും. മൂന്ന് തലങ്ങളിലേക്കും വോട്ടിങ് പൂര്‍ത്തിയാകും.