കൊല്ലപ്പെട്ട അഭിലാഷിന്റെ കുടുംബത്തിന് 10 ലക്ഷം നല്കാന് മന്ത്രിസഭാതീരുമാനം
Posted on: 20 Aug 2015
കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ തീരുമാനം കാസര്‍കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന് അഭിലാഷിന്റെ മാതാപിതാക്കളെ അറിയിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാതീരുമാനമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കുടുംബത്തിന് സഹായധനം നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഡി.വൈ.എഫ്.ഐ.യും യുവമോര്‍ച്ചയും പ്രത്യക്ഷസമരത്തിന് തയ്യാറെടുത്തുനില്ക്കുയാണ്. ഈ മാസം 21-ന് തീരദേശത്തെത്തുന്ന മന്ത്രി കെ.ബാബുവിനെ തടയുമെന്ന മുന്നറിയിപ്പായിരുന്നു ഇരു സംഘടനകളും പുറപ്പെടുവിച്ചത്. അഭിലാഷിന്റെത് നിര്ധനകുടുംബമാണെന്ന് ചൂണ്ടിക്കാട്ടി ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കൊല്ലപ്പെട്ട മൂന്നാംക്ലാസ് വിദ്യാര്‍ഥി കല്ല്യോട്ടെ ഫഹദിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കിയത് ചൂണ്ടിക്കാട്ടി ചിലര്‍ കാസര്‍കോട്ട് വര്‍ഗീയചേരിതിരിവിന് ശ്രമം നടത്തുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അഭിലാഷിന്റെ കുടുംബത്തിന് സഹായധനം നല്‍കാനുള്ള തീരുമാനമെടുക്കുന്നത് നീണ്ടുപോകരുതെന്നും ഡി.സി.സി. വൈസ് പ്രസിഡന്റ് ഹക്കീംകുന്നില്‍ ഉള്‍പ്പടെയുള്ളവരും മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്നാണ് ബുധനാഴ്ചത്തെ കാബിനറ്റില്‍ ഈ വിഷയം ഉള്‍പ്പെടുത്തിയത്.
അഭിലാഷ് കൊല്ലപ്പെട്ടിട്ട് 10 മാസം പിന്നിട്ടു. ഹൊസ്ദുര്‍ഗ് സ്കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയായ അഭിലാഷ് കുശാല്‍നഗറിലെ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത് കഴിഞ്ഞ നവംബര്‍ 15-നാണ്. ആദ്യം വെള്ളത്തില്‍ വീണുമരിച്ചതെന്ന് വിധിയെഴുതിയ ലോക്കല്‍ പോലീസുതന്നെ, നാടിന്റെ സമരം കനത്തപ്പോള്‍ കൊലപാതകമെന്ന് പറയുകയും അത് തെളിയിക്കുകയും ചെയ്തു. സഹപാഠികള്‍ മുക്കിക്കൊന്നതാണെന്ന് കണ്ടെത്തിയ പോലീസ് രണ്ടുകുട്ടികളെ അറസ്റ്റും ചെയ്തു. എന്നാല്‍, ഇതിനുപിന്നില്‍ വലിയ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ചൂണ്ടിക്കാട്ടല്‍ ശക്തമായി. ഇത് കേസിനെ ക്രൈംബ്രാഞ്ചിന്റെ കൈകളിലെത്തിച്ചു. സഫിയവധക്കേസ് അന്വേഷിച്ച പോലീസുദ്യോഗസ്ഥന് കെ.വി.സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു കോഴിക്കോട് സെല്ലിലെ ക്രൈംബ്രാഞ്ച് പോലീസ് എത്തിയത്. എന്നാല്‍, ക്രൈംബ്രാഞ്ച് ലോക്കല്‍പോലീസ് കണ്ടെത്തിയതിനപ്പുറമൊന്നുമില്ലെന്ന് എഴുതിച്ചേര്‍ത്ത് കേസ് അവസാനിപ്പിച്ചു. അഭിലാഷിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കണമെന്ന് ആദ്യംമുതല്‍തന്നെ ജില്ലയിലെ എം.എല്‍.എ.മാരും ബി.ജെ.പി., സി.പി.എം. പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു.
.