ഇന്ദിരാ ആവാസ് യോജന കുടിശ്ശിക നികത്താന്‍ ഹഡ്‌കോയില്‍നിന്ന് 600 കോടി വായ്പ എടുക്കുന്നു

Posted on: 20 Aug 2015


പി.പി.ലിബീഷ ് കുമാര്‍* വായ്പ എടുക്കുന്നത് സര്‍ക്കാര്‍ വിഹിതമായ 50,000 രൂപ നല്‍കാന്‍
* കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് അനുവദിച്ചത് 59,060 വീടുകള്‍
* എണ്ണത്തില്‍ മലപ്പുറം മുന്നില്‍; കുറവ് പത്തനംതിട്ടയില്‍
കാസര്‍കോട്:
സംസ്ഥാനത്തെ ഇന്ദിരാ ആവാസ് യോജന പദ്ധതി(ഐ.എ.വൈ)യിലുള്ള വായ്പാ കുടിശ്ശിക നികത്തുന്നതിനായി 600 കോടി രൂപ വായ്പ എടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഹഡ്‌കൊ (ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്)-ല്‍ നിന്നാണ് വായ്പ എടുക്കുന്നത്. വായ്പയെടുക്കാന്‍ കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (കെ.യു.ആര്‍.ഡി.എഫ്.സി.) അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. കെ.യു.ആര്‍.ഡി.എഫ്.സി.ക്ക് അനുവദിച്ച 650 കോടി രൂപയില്‍ 50 കോടി നിലനിര്‍ത്തി വായ്പ എടുക്കാനാണ് അനുമതി. വീടുകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതമായ അമ്പതിനായിരം രൂപയുടെ കുടിശ്ശിക ഈ തുക ഉപയോഗിച്ച് വിതരണം ചെയ്യും.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ഇതര വിഭാഗക്കാര്‍ക്കും സൗജന്യമായി വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതിയാണ് ഇന്ദിരാ ആവാസ് യോജന. ഗ്രാമവികസന വകുപ്പാണ് ഇത് നടപ്പാക്കുന്നത്. ഗുണഭോക്താക്കള്‍ സ്വന്തമായി രണ്ട് സെന്റ് ഭൂമിയെങ്കിലും ഉള്ളവരും വാസയോഗ്യമായ വീടില്ലാത്തവരും ആയിരിക്കണം. ഗ്രാമസഭകള്‍ക്കാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല. പട്ടികജാതി, വര്‍ഗവിഭാഗത്തിന് 60 ശതമാനവും ന്യൂനപക്ഷ വിഭാഗത്തിന് 15 ശതമാനവും അംഗപരിമിതര്‍ക്ക് മൂന്നുശതമാനവും എന്ന അനുപാതത്തിലാണ് വീടുകള്‍ അനുവദിക്കുന്നത്.
ഈ പദ്ധതിയില്‍ പുതിയ വീടുകളുടെ നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുവീടിന് പരമാവധി 70,000 രൂപയാണ് അനുവദിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ 50,000 രൂപ നല്‍കും. ബാക്കിതുക ഗ്രാമ-ബ്ലോക്ക്-ജില്ലാ തദ്ദേശ സ്ഥാപനങ്ങളിലെ തനത് ഫണ്ടില്‍നിന്ന് ചെലവഴിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയാണ് വീടിന് ലഭിക്കുന്ന മൊത്തം തുക. പൊതുവിഭാഗത്തിന് രണ്ട് ലക്ഷം രൂപയാണ് ലഭിക്കുക. 70,000 രൂപ കേന്ദ്രവും 20,000 രൂപ ഗ്രാമപ്പഞ്ചായത്ത്, 28,000 രൂപ ജില്ലാ പഞ്ചായത്ത്, 32,000 രൂപ ബ്ലോക്ക് പഞ്ചായത്ത്, സര്‍ക്കാര്‍ വിഹിതം 50,000 രൂപ എന്നിങ്ങനെയാണ് നല്‍കുന്നത്.
2014-15 വര്‍ഷത്തില്‍ സംസ്ഥാനത്ത് 59,060 വീടുകളാണ് അനുവദിച്ചത്. ഈ വര്‍ഷവും അതേ തോതിലാണ്. ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്- 6663 വീടുകള്‍. പാലക്കാട്ട് 6183 വീടുകളും തൃശ്ശൂരില്‍ 4968 വീടുകളുമാണ് ഉള്ളത്. കുറവ് പത്തനംതിട്ടയിലാണ്- 2339 എണ്ണം. കാസര്‍കോട് 2489-ഉും കണ്ണൂരില്‍ 3844-ഉും വീടുകളുമാണുള്ളത്. തിരുവനന്തപുരം-4859, കൊല്ലം-4427, കോട്ടയം-3486, ഇടുക്കി-3652, എറണാകുളം-4332, കോഴിക്കോട്-4104, വയനാട്-4243 എന്നിങ്ങനെയാണ് മറ്റ് കണക്ക്.
2013-14 വര്‍ഷത്തില്‍ സംസ്ഥാനത്ത് 48,000-ഓളം വീടുകളാണ് അനുവദിച്ചത്. 2012-13 വര്‍ഷത്തില്‍ 39,000 വീടുകളും അനുവദിച്ചു. ഈ വര്‍ഷങ്ങളിലടക്കം ഭൂരിഭാഗം കുടിശ്ശികയും സര്‍ക്കാര്‍ നികത്തിയിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിലെ വിവധ ഫണ്ടുകള്‍ ഇതിലേക്ക് ലയിപ്പിക്കുകയായിരുന്നു.

More Citizen News - Kasargod