രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കാര്‍ അപകടത്തില്‍പ്പെട്ടു; വിഗ്രഹമോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടി
Posted on: 19 Aug 2015
മംഗളൂരു: പിന്തുടര്ന്നെത്തിയ നാട്ടുകാരില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ മോഷ്ടാക്കള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. മോഷ്ടിച്ച വിഗ്രഹവുമായി ഊരുചുറ്റിയ അഞ്ചംഗസംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി.
കാര്‍ക്കള താലൂക്കിലെ ഹലേക്കട്ടയിലാണ് സംഭവം. മിയ്യാര് ഗ്രാമത്തിലെ കലട്രപദെയില് സംശയകരമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാറിനടുത്തെത്തിയ നാട്ടുകാരില്‍നിന്ന് രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തിനിടയിലാണ് അപകടം. മിയാറില്നിന്ന് പുറപ്പെട്ട കാര്‍ ബെളുവായ്, സാനൂര്‍, നിട്ടെ എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് 30 കി.മീ. ദൂരത്ത് മാവിനകട്ടെയ്ക്കടുത്ത് ഹലെകട്ടയില് എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
ബൈക്കിനെ വെട്ടിക്കുന്നിതിനിടയില് കാര്‍ റോഡില്‍നിന്ന് െതന്നി മറിയുകയായിരുന്നു. മോഷ്ടിച്ച വിഗ്രഹവും കൈമഴുവും കാറില്‍ കണ്ടെത്തിയ നാട്ടുകാര്‍ കാറോടിച്ച യുവാവിനെ പിടികൂടി പോലീസില്‍ ഏല്പിച്ചു. സൂറത്കലിനടുത്ത കൃഷ്ണപുര സ്വദേശികളായ അഞ്ചംഗസംഘത്തിലെ നാലുപേരെ വഴിയില്‍ ഉപേക്ഷിച്ചാണ് പിടിയിലായ യുവാവ് കാറുമായി രക്ഷപ്പെടാന്‍ ശ്രമംനടത്തിയത്. സംഘത്തിലെ മറ്റൊരാളെ കലട്രപദെയില് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.