ആര്.എം.എസ്.എ. ഉത്തരവ്: മീഞ്ചയിലും മലയാളത്തിന് മരണമണി
Posted on: 19 Aug 2015
മഞ്ചേശ്വരം: ആര്.എം.എസ്.എയുടെ പുതിയ ഉത്തരവ്പ്രകാരം മീഞ്ച പഞ്ചായത്തിലെ ഏക മലയാളം മീഡിയം സ്കൂളിലും മലയാളം പടിക്കുപുറത്താകുന്നു. മീഞ്ച പഞ്ചായത്തിലെ കടമ്പാര്‍ ഹൈസ്കൂളിലെ മലയാളം മീഡിയം കുട്ടികളുടെ പഠനമാണ് പുതിയ ഉത്തരവ് പ്രകാരം അനിശ്ചിതത്വത്തിലാകുന്നത്.
പഠനത്തിന് ഏകഭാഷാമാധ്യമം സ്വീകരിക്കണമെന്നും അഞ്ച് അധ്യാപകര്‍ക്കുമാത്രം വേതനം നല്കിയാല് മതിയെന്നുമാണ് പുതിയ നിര്‍ദേശം. ഇത് ഭാഷാന്യൂനപക്ഷ മേഖലയിലെ മലയാളം കുട്ടികളുടെ ഭാവിതന്നെ അപകടത്തിലാക്കും.
2011-ല്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായി ജില്ലയിലനുവദിച്ച 17-ഓളം സ്കൂളുകളിലൊന്നാണ് കടമ്പാര്‍ ഹൈസ്കൂള്‍. വേണ്ടത്ര അധ്യാപകരെ നിയമിക്കാത്തതിനാല്‍ പലപ്പോഴും പഠനപ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായിരുന്നു. അപ്പോഴെല്ലാം പി.ടി.എ.യുടെ നേതൃത്വത്തില്‍ താത്കാലിക അധ്യാപകരെ നിയമിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. ഈ സ്കൂളിലെ മലയാളം മീഡിയത്തിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് തുടക്കംമുതലെ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാല്‍, ഇവിടെ കന്നഡ മീഡിയം മാത്രമേ ആര്.എം.എസ്.എ. അംഗീകരിച്ചിട്ടുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ പത്താംക്ലാസിലെ 22 കുട്ടികളുള്‍പ്പെടെ അറുപതോളം കുട്ടികളാണ് ഹൈസ്കൂള്‍ മലയാളം വിഭാഗത്തില്‍ പഠിക്കുന്നത്. പുതിയ അധ്യയനവര്‍ഷത്തിലും മലയാളം അധ്യാപകരെ നിയമിക്കാത്തതിനാല്‍ പി.ടി.എ. താത്കാലിക അധ്യാപകരെ നിയമിച്ചിരിക്കുകയാണ്. മലയാളം മീഡിയം ഇല്ലാതാകുന്നതോടെ കുട്ടികളുടെ പരീക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആശങ്കയിലാണ് രക്ഷിതാക്കളും സ്കൂള്‍ അധികൃതരും. ഒറ്റ മലയാളം മീഡിയം സ്കൂള്പോലുമില്ലാത്ത വോര്‍ക്കാടി പഞ്ചായത്തിലെ കുട്ടികളടക്കം പഠിക്കുന്ന വിദ്യാലയമാണ് കടമ്പാര്‍.