ഇന്ന് കൃഷ്ണപിള്ളദിനം; സഖാവിന്റെ സ്മരണയുണര്‍ത്തി കരിവെള്ളൂരിലെ പത്തായം
Posted on: 19 Aug 2015
കരിവെള്ളൂര്‍: 1945 രണ്ടാം ലോകമാഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലം. ഒരു സന്ധ്യാനേരത്ത് കരിവെള്ളൂര്‍ മതിരക്കോട് മാന്യഗുരു യു.പി. സ്കൂളിന് സമീപത്തെ തോട്ടോന്വീട്ടിലേക്ക് കമ്യൂണിസ്റ്റ് നേതാവ് എ.വി.കുഞ്ഞമ്പുവിനൊപ്പം ഒരു യുവാവ് കയറിവന്നു. കറുത്തുമെലിഞ്ഞ പ്രകൃതം. ചുരുണ്ട മുടിയിഴ നെറ്റിയിലേക്ക് വീണിരിക്കുന്നു. മുഷിഞ്ഞ മുണ്ടും ഷര്‍ട്ടുമായിരുന്നു വേഷം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവ് കൃഷ്ണപിള്ളയായിരുന്നു ആ യുവാവ്. മൂന്നുദിവസം തോട്ടോന്വീട്ടില് ഒളിവില്‍ കഴിഞ്ഞു. വീട്ടിനകത്തെ പത്തായത്തിനുമുകളിലായിരുന്നു ഈ ദിവസങ്ങളില്‍ കൃഷ്ണപിള്ള വിശ്രമിച്ചിരുന്നത്.
ചരിത്രപുരുഷന്റെ ഒളിവുജീവിതത്തിന്റെ ഓര്‍മകളുമായി തെക്കെമണക്കാട്ടെ മന്ദ്യന്‍ വീട്ടില്‍ പാര്‍വതിയമ്മ ഇന്നും ആ പത്തായം നിധിപോലെ കാത്തുസൂക്ഷിക്കുന്നു.
കമ്യൂണിസ്റ്റ്-കര്‍ഷക പ്രസ്ഥാനങ്ങളുടെ ആദ്യകാല നേതാവും കരിവെള്ളൂര്‍ സമരസേനാനിയുമായിരുന്ന തോട്ടോന്വീട്ടില് കൃഷ്ണന്റെ ഭാര്യയാണ് 90 കഴിഞ്ഞ പാര്‍വ്വതിയമ്മ. 11 വര്‍ഷംമുമ്പ് കൃഷ്ണന് മരിക്കുന്പോള്‍ ചരിത്രസ്മാരകമായി കാത്തുസൂക്ഷിക്കാന്‍ ഭാര്യ ഏല്പിച്ചതാണ് ഈ പത്തായം.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കരിവെള്ളൂരിലെ പ്രധാന നേതാവായിരുന്നു തോട്ടോന്‍ വീട്ടില്‍ കൃഷ്ണനെന്ന നാട്ടുകാരുടെ കിട്ടേട്ടന്. അതുകൊണ്ടുതന്നെയാണ് സുരക്ഷിത താവളം തേടി കൃഷ്ണപിള്ള തോട്ടോന്വീട്ടിലെത്തിയത്.
പഴയകാലത്തെ അനുഭവങ്ങള്‍ ചികഞ്ഞെടുക്കുമ്പോള്‍ പാര്‍വതിയമ്മയുടെ കണ്ണുകളില്‍ ഇന്നും ആവേശം വീട്ടിലേക്ക് കടന്നുവന്ന അതിഥി ആരെന്ന് തിരിച്ചു പോകുന്നതുവരെ പാര്‍വതിയമ്മയ്ക്ക് അറിയില്ലായിരുന്നു. കിട്ടേട്ടന്റെ വീടിന്റെ മുകള്‍നിലയില്‍ മൂന്നുദിവസവും കൃഷ്ണപിള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി ക്ലാസെടുത്തു. വീടിന്റെ പുറത്ത് കിട്ടേട്ടന് സദാസമയവും കാവല്‍നിന്നു. ഒപ്പം കൂക്കോട് ഇബ്രാഹിം, എം.പി.കണ്ണന്, പുഞ്ചക്കര കുഞ്ഞിരാമന്, പരിയാരത്ത് കുഞ്ഞിക്കൃഷ്ണന് നായര്‍ എന്നിവരുമുണ്ടായിരുന്നു. ഈസമയത്താണ് കോഴിക്കോട്ടെ പാര്‍ട്ടിഓഫീസില്‍ പാചകത്തിനായി വാഴക്കോടന്‍ കണ്ണനെ കിട്ടേട്ടന് ഏര്‍പ്പാടാക്കിക്കൊടുത്തത്.
മൂന്നുദിവസം കഴിഞ്ഞ് മറ്റൊരു ഒളിസങ്കേതത്തിലേക്ക് തിരിച്ചുപോയെങ്കിലും പിന്നീടൊരിക്കല്‍ക്കൂടി കൃഷ്ണപിള്ള കരിവെള്ളൂരിലെത്തിയത് 1946 ഡിസംബര്‍ 20-ന്റെ കരിവെള്ളൂര്‍ സമരത്തെത്തുടര്‍ന്ന് നടന്ന പോലീസ് ഭീകരതയ്ക്ക് ഇരയായ ജനങ്ങള്‍ക്ക് കരുത്തുപകരാാണ്. കരിവെള്ളൂര്‍ സമരകാലത്ത് കര്‍ഷകസംഘം വില്ലേജ് സെക്രട്ടറിയായിരുന്ന കിട്ടേട്ടന് ഒട്ടേറെത്തവണ പോലീസ് മര്‍ദനമേല്‍ക്കേണ്ടിവന്നിട്ടുണ്ട്. ഇ.കെ.നായനാര്‍, ടി.സുബ്രഹ്മണ്യന് തിരുമുമ്പ്, കെ.പി.ആര്.ഗോപാലന്, വി.എം.വിഷ്ണു ഭാരതീയന്, സുബ്രഹ്മണ്യ ഷേണായി. കെ.എ.കേരളീയന് തുടങ്ങിയവര്‍ കിട്ടേട്ടന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കുമുമ്പ് തറവാട് ഭാഗംവെച്ചപ്പോള്‍ കിടന്നുറങ്ങാന്‍ കട്ടിലെടുത്തോളൂ എന്ന് മുതിര്‍ന്നവര്‍ പറഞ്ഞപ്പോള്‍ കട്ടിലുവേണ്ട പകരം പത്തായം മതിയെന്നായിരുന്നു കിട്ടേട്ടന്റെ മറുപടിയെന്ന് പാര്‍വതിയമ്മ ഇന്നും ഓര്‍ക്കുന്നു. 1948 ആഗസ്ത് 19-ന് കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ചെന്ന വാര്‍ത്ത ഉള്‍ക്കിടിലത്തോടെയായിരുന്നു തോട്ടോന്വീട്ടില് കൃഷ്ണനും കുടുംബവും അറിയുന്നത്. പത്തായം ചരിത്രസ്മാരകമായി പാര്‍ട്ടിക്ക് നല്‍കാനാണ് ആഗ്രഹമെന്ന് കിട്ടേട്ടന്റെ മക്കള്‍ പറഞ്ഞു. ദാമോദരന്‍, വിജയന്, ശശിധരന്, പരേതനായ രാമകൃഷ്ണന് എന്നിവരാണ് കിട്ടേട്ടന്റെ മക്കള്‍.