വീട്ടിലെ കുഞ്ഞു നുണപറച്ചിലില്‍ തുടങ്ങുന്നു അഴിമതിയുടെ ആദ്യപാഠം

Posted on: 18 Aug 2015ചോദ്യോത്തരങ്ങള്‍ നിറഞ്ഞ് സംവാദം


കാഞ്ഞങ്ങാട്: സര്‍, ഈ അഴിമതി പൂര്‍ണമായും ഇല്ലാതാക്കാനുള്ള പോരാട്ടം എവിടെ തുടങ്ങണം...? ചോദ്യം കാസര്‍കോട്ടെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെത്...നിസ്സാരകാര്യത്തിന് വീട്ടില്‍ പറയുന്ന കള്ളങ്ങളില്‍ തുടങ്ങുന്നു അഴിമതിയുടെ ആദ്യപടിയെന്ന് എ.ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ മറുപടി. ചോദ്യവും ഉത്തരവുമായി അഴിമതിയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്തേകി കാഞ്ഞങ്ങാട്ട് നടന്ന സംവാദം വിഷയത്തിന്റെ ആഴത്തിലേക്ക് സദസ്സിനെ കൊണ്ടെത്തിച്ചു. കാഞ്ഞങ്ങാട് ആസ്ഥാനമായുള്ള സ്വരാജ് വേദിയാണ് 'അഴിമതിയുടെ വഴികള്‍, തടയേണ്ടമാര്‍ഗങ്ങള്‍' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചത്. സ്‌കൂളില്‍ കുട്ടികള്‍ കോപ്പിയടിക്കുന്നതും ബ്ലാക്കില്‍ സിനിമാടിക്കറ്റ് കൈക്കലാക്കുന്നതും സ്ത്രീധനം കൊടുത്ത് വിവാഹം കഴിപ്പിക്കുന്നതുമെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അഴിമതിതന്നെയാണെന്ന് ഋഷിരാജ് സിങ് പറഞ്ഞു. വീട്ടില്‍ കൊച്ചുകൊച്ചു കള്ളങ്ങള്‍ പറഞ്ഞുപഠിച്ച് പുറത്തിറങ്ങിയാല്‍ അവന്‍ വലിയ കള്ളങ്ങളും ചെയ്യും. നല്ലമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം. നന്മയുടെ വഴി തിരഞ്ഞെടുക്കുന്നവന് ഒരിക്കലും തെറ്റിലേക്ക് നീങ്ങാനാകില്ല. പോലീസുകാര്‍ക്കെതിരെ പത്രത്തില്‍ വാര്‍ത്ത വന്നാലും അന്വേഷണമുണ്ടാകും. വിവരാവകാശ നിയമം പൊതുജനങ്ങള്‍ക്ക് ഏറ്റവുമധികം പ്രയോജനപ്പെടുന്നതാണ്. എന്നാല്‍, അത് ദുരുപയോഗം ചെയ്യാത്ത തരത്തിലാകണം പ്രയോഗിക്കേണ്ടതെന്നും ഋഷിരാജ് സിങ് പറഞ്ഞു. ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളും പൊതുജനങ്ങളും സംവാദത്തില്‍ പങ്കെടുത്തു. കുഞ്ഞിക്കണ്ണന്‍ കക്കാണത്ത് അധ്യക്ഷതവഹിച്ചു. വിവരാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത്, റിട്ട. ഐ.ജി. കെ.വി.മധുസൂദനന്‍, സണ്ണി പൈക്കട, അബ്ദുല്ല ഇടക്കാവ്, എം.എസ്.നാസിറ എന്നിവര്‍ സംസാരിച്ചു.

മികച്ച വിവരാവകാശ പ്രവര്‍ത്തകന് അരലക്ഷം രൂപ നല്കും


കാഞ്ഞങ്ങാട്:
കേരളത്തിലെ മികച്ച വിവരാവാശ പ്രവര്‍ത്തകന് കാഞ്ഞങ്ങാട് ആസ്ഥാനമായുള്ള സ്വരാജ് വേദി അരലക്ഷം രൂപയും പുരസ്‌കാരവും നല്കും. ഇതിന്റെ പ്രഖ്യാപനം എ.ഡി.ജി.പി. ഋഷിരാജ് സിങ് നിര്‍വഹിച്ചു. എല്ലാ വര്‍ഷവും ഏപ്രില്‍ ഒന്നുമുതല്‍ അടുത്തവര്‍ഷം മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വിവരാവകാശ നിയമപ്രകാരം പുറത്തുകൊണ്ടുവരുന്ന വിഷയങ്ങളെ നോക്കിയാണ് പുരസ്‌കാരം നല്കുക. ഇതിനായി മാധ്യമപ്രവര്‍ത്തകരടക്കമുള്ള വിദ്ധഗ്ധസമിതിയെ നിയോഗിക്കും. വിവരാവകാശ അന്വേഷണങ്ങള്‍, അതിന്റെ തുടര്‍പ്രവര്‍ത്തനം അത് സമൂഹത്തിലുണ്ടാക്കിയ പ്രതിഫലനങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചാകും പുരസ്‌കാരങ്ങള്‍ നല്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

More Citizen News - Kasargod