കാസര്‍കോട്: തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ആവിഷ്കരിക്കുന്നുണ്ടെങ്കിലും എവിടെ നോക്കിയാലും നായ്ക്കള്‍ തലങ്ങും വിലങ്ങും ഓടുന്ന കാഴ്ച. ഏത് സമയത്തും അപകടം മുന്നില്‍ കണ്ടുകൊണ്ടല്ലാതെ പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല. നായ്ക്കള്‍ ആളുകളെ ഭീതിപ്പെടുത്തുന്ന തരത്തില്‍ വിലസുന്നത് തടയാന്‍ പദ്ധതികള്‍ നടപ്പാക്കിയിട്ടും കാര്യമില്ല. ഒന്നിന് പത്തെന്ന രീതിയില്‍ തെരുവ്നായ്ക്കള്‍ പെറ്റുപെരുകുകയാണ്.
സംസ്ഥാനത്തൊട്ടാകെയായി അഞ്ച് ലക്ഷം തെരുവ് നായ്ക്കള്‍ അലഞ്ഞ് തിരിഞ്ഞു നടക്കുന്നുണ്ടെന്നാണ് ഈ വര്‍ഷമാദ്യം പുറത്ത് വന്ന കണക്ക്. തെരുവ് നായ്ക്കളുടെ ശല്യം സാമൂഹികപ്രശ്നമായി മാറിയ സാഹചര്യത്തിലാണ് നായ്ക്കളുടെ പ്രജനനം തടയുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചത്. എന്നാല്‍ ഇവയൊന്നും ഫലം കാണുന്നില്ലെന്നാണ് ഗ്രാമ-നഗര വ്യത്യാസമില്ലാതെയുള്ള കാഴ്ചകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ ഒരു നായ പെറ്റിട്ടത് പത്ത് കുഞ്ഞുങ്ങളെയാണ്. ഇങ്ങനെ ദിവസവും നൂറ് കണക്കിന് നായ്ക്കള്‍ പിറക്കുന്നുണ്ട്.
തെരുവ് നായ്ക്കളെ തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ വന്ധ്യംകരിച്ച് പ്രതിരോധകുത്തിവെപ്പെടുത്ത ശേഷം പിടിച്ചെടുത്ത സ്ഥലത്ത് തന്നെ കൊണ്ടു വിടുന്ന പദ്ധതിയാണ് കാസര്‍കോട്ട് ആവിഷ്കരിച്ചത്. എന്നാല്‍ പദ്ധതികളെല്ലാം ഇന്നും തുടക്കാവസ്ഥയില്‍ തന്നെയാണ്. ആനിമല്‍ ബര്‍ത്ത് കണ്ട്രോള് പദ്ധതിയുടെ ഭാഗമായി നായ പിടിത്തക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വിദഗ്ധരായവരെ കിട്ടാത്ത അവസ്ഥയാണ്. കഴിഞ്ഞ മാസം ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ആവിഷ്കരിച്ച പദ്ധതിക്ക് അംഗീകാരം നല്‍കിയെങ്കിലും അതിനപ്പുറം ഒന്നും നടന്നിട്ടില്ല. ഗ്രാമപ്പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കുത്തിവെപ്പുകള്‍ നടക്കുന്നുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പധികൃതര്‍ പറഞ്ഞു.