കുട്ടികള്‍ക്ക് കുടിവെള്ളം: വഴികാട്ടിയായി മൊഗ്രാല്‍ സ്കൂള്‍
Posted on: 18 Aug 2015
കുമ്പള: താങ്ങാനാവാത്ത പുസ്തകക്കെട്ടിനൊപ്പം കുടിവെള്ളവും കൂടി പേറേണ്ട; തിളപ്പിച്ച വെള്ളം ക്ലാസില്‍ റെഡി. സംസ്ഥാനത്തിന്റെ വടക്കേയറ്റത്തുള്ള മൊഗ്രാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് മറ്റെല്ലാ വിദ്യാലയങ്ങള്‍ക്കും വഴികാട്ടിയാവുന്നത്.
ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലായി 38 ഡിവിഷനുള്ള മൊഗ്രാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ചൂടാക്കി ആറ്റിയ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള സംവിധാനം പൂര്‍ത്തിയായിക്കഴിഞ്ഞു. സ്കൂളിലെ പാചകപ്പുരയിലാണ് ഇതിനുള്ള സംവിധാനം ഒരുക്കിയത്. തിളപ്പിക്കാനും തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി അതില്‍ അരിച്ചെടുത്ത ശുദ്ധജലം ചേര്‍ക്കുന്നതിനും സംവിധാനമുണ്ട്. എല്ലാ ക്ലാസിലും പൈപ്പ്മാര്ഗം വെള്ളമെത്തിക്കാനുള്ള സൗകര്യം തത്കാലമില്ല. പാത്രത്തിലാക്കി ഓരോ ക്ലാസിലും വെള്ളമെത്തിക്കുകയാണ് ചെയ്യുക.
വിദ്യാര്‍ഥികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ കുടിവെള്ളം വീട്ടില്‍നിന്ന് കൊണ്ടുപോകുന്നത് ഒഴിവാക്കാന്‍ സ്കൂളില്‍ പ്രത്യേക ജലവിതരണ സംവിധാനമുണ്ടാക്കണമെന്ന് കഴിഞ്ഞദിവസം വിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം സ്കൂളുകളിലെത്തുംമുമ്പേതന്നെ മൊഗ്രാല്‍ സ്കൂളില്‍ പദ്ധതി നടപ്പാവുകയാണ്. സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയും ദുബായില്‍ ജെ.ആര്.ടി. എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ഹിദായത്തുള്ള നല്കിയ 60,000 രൂപ ഉപയോഗിച്ചാണ് കുടിവെള്ളവിതരണ സംവിധാനമൊരുക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും.