എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള 108 വീടുകളുടെ ശിലാസ്ഥാപനം 21-ന്
Posted on: 18 Aug 2015
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള 108 ഭവനനിര്‍മാണത്തിന്റെ ശിലാസ്ഥാപനം 21-ന് രാവിലെ എട്ടിന് കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രി കെ.സി.ജോസഫ്, എക്സൈസ് മന്ത്രി കെ.ബാബു എന്നിവര്‍ പ്രോജക്ട് സമര്‍പ്പിക്കും. ഇ.ചന്ദ്രശേഖരന് എം.എല്‍.എ. അധ്യക്ഷതവഹിക്കും. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍ പ്രോജക്ട് അവതരിപ്പിക്കും. പി.കരുണാകരന് എം.പി., ജില്ലയിലെ എം.എല്‍.എ.മാര്‍, മറ്റ് ജനപ്രതിനിധികള്‍ രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. കേരള സര്‍ക്കാറുമായി സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്. വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീടുവെച്ച് നല്കുന്ന സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ്, കേരള സായിപ്രസാദം പദ്ധതിയിലുള്‍പ്പെടുത്തിയാണ് വീടുകള്‍ നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഓരോ കുടുംബത്തിനും 10 സെന്റ് ഭൂമി പതിച്ചുനല്‍കും. ഇതില്‍ ട്രസ്റ്റ് 500 ചതുരശ്ര അടിയുള്ള വീടുകള്‍ നിര്‍മിച്ചുനല്‍കും. പുല്ലൂര്‍-പെരിയ, കിനാനൂര്‍-കരിന്തളം, എണ്‍മകജെ പഞ്ചായത്തുകളിലായാണ് ഇതിനായി സ്ഥലം അനുവദിച്ചത്.