കലപ്പ, തലക്കുട, കൈപ്പാട് അരി...

Posted on: 18 Aug 2015വൈവിധ്യമാര്‍ന്ന പ്രദര്‍ശനത്തില്‍ മെതിയന്ത്രവും ആനച്ചെരിപ്പും


കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ കാര്‍ഷികമേളയിലെ പ്രദര്‍ശനം വൈവിധ്യംകൊണ്ട് ശ്രദ്ധേയമാകുന്നു.
കേരളീയപശ്ചാത്തലത്തിലൊരുക്കിയ പ്രദര്‍ശനനഗരിയിലേക്ക് കടക്കുന്നതുതന്നെ നാട്ടുമ്പുറത്തെ ആദ്യകാല കാഴ്ചകളിലൊന്നായ ഓലമേഞ്ഞ മണ്‍കുടിലിലൂടെയാണ്.
വരാന്തയില്‍ വട്ടിയും മുറവും കലപ്പയും വെച്ചിരിക്കുന്നു. മറുഭാഗത്ത് ചക്ക, പാളത്തൊപ്പികള്‍, പണിയെടുക്കുമ്പോള്‍ തലയില്‍ ഘടിപ്പിക്കുന്ന ഓലകൊണ്ടുള്ള തലക്കുട എന്നിവ കാണാം. അകത്തുകയറിയാല്‍ ചെറിയൊരു മരക്കട്ടില്‍. കുടിലിന്റെ മുന്‍വാതിലിലൂടെ കയറി അടുക്കളവാതിലിലൂടെ ഇറങ്ങിയാണ് മേളയിലേക്കുള്ള പ്രവേശനം. തുടര്‍ന്നങ്ങോട്ട് പ്രദര്‍ശന വിപണനസ്റ്റാളുകളുടെ നീണ്ടനിര. 'ജൈവകൃഷി ജീവരക്ഷയ്ക്ക്' എന്ന സന്ദേശവുമായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി 15 രൂപയുടെ എലിവിഷപ്പൊടിയും ധാന്യങ്ങളുടെയും കൊപ്രയുടെയും ഉണക്കംനോക്കുന്ന ഉപകരണങ്ങളും മറ്റുമായി സ്റ്റേറ്റ് വേര്‍ഹൗസിങ് കോര്‍പ്പറേഷന്‍, കാലിവളര്‍ത്തലിന്റെ വിവരങ്ങളുമായി കന്നുകാലി വികസനബോര്‍ഡ്, ഉത്പന്നങ്ങളും അവയുടെ വിപണനരീതികളും പരിചയപ്പെടുത്തി വെജിറ്റബിള്‍ ഫ്രൂട്ട്‌ െപ്രാമോഷന്‍ കൗണ്‍സില്‍, ഇറച്ചിയുടെ പുതുവര്‍ത്തമാനവുമായി മീറ്റ്‌പ്രോഡക്ട് ഓഫ് ഇന്ത്യ, നാളികേര ഉത്പന്നങ്ങളുമായി കേരഫെഡ്, നാളികേരവികസനബോര്‍ഡ്, പൈനാപ്പിള്‍ അനുബന്ധ ഉത്പന്നങ്ങളുമായി കേരള പൈനാപ്പിള്‍ മിഷന്‍, ഒരു പായ്ക്കറ്റ് വിത്തിന് 10 രൂപ നിരക്കില്‍ വിപണനവും വിത്ത് പ്രദര്‍ശനവുമായി വിത്ത് വികസന അതോറിറ്റി, വിവിധയിനം തൈകളുമായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, കിലോയ്ക്ക് 156 രൂപ നിരക്കില്‍ തൊലികളഞ്ഞ മുഴുവന്‍ കോഴിയും 160 രൂപയ്ക്ക് കറിക്കഷ്ണമാക്കിയ കോഴിയിറച്ചിയും അടക്കം 12 ഇനം കോഴിയിറച്ചിയുമായി കെപ്‌കോ ചിക്കന്‍ എന്നിവ മേളയുടെ ആകര്‍ഷണമാണ്.
മൃഗസംരക്ഷണവകുപ്പിന്റെ ഒരു സ്റ്റാള്‍ മൊത്തമായി ആനക്കഥ പറയുന്നതാണ്. ആനയുടെ തുടയെല്ല്, കൈയെല്ല്, താടിയെല്ല്, മുട്ടിന്റെ ചിരട്ട, ആനയെ നിയന്ത്രിക്കുന്ന ആനക്കത്തി, ആനക്കെണി, എടച്ചങ്ങല, മെയ്ച്ചങ്ങല, വലിയേകോല്‍, തോട്ടി, ആനയ്ക്കുള്ള റബ്ബര്‍ ചെരിപ്പ് എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു.
ഹോര്‍ട്ടികോര്‍പ്പിന്റെ ഓണം പ്രദര്‍ശന വിപണനമേളയില്‍ ന്യായവിലയ്ക്ക് പച്ചക്കറികള്‍ ലഭിക്കും. വിലനിലവാരം ഇങ്ങനെ: കിലോയ്ക്ക്: ഉരുളക്കിഴങ്ങ്-19-00, വലിയുള്ളി (പുണെ)-46.00, ചെറിയുള്ളി-40, മല്ലിയില-40.00, നേന്ത്രപ്പഴം-42, റോബസ്റ്റ-12.00, വെള്ളരി, മത്തന്‍-20.00, വെളുത്തുള്ളി-70.00, കക്കിരി-13-00, വഴുതന-15-00, വെണ്ട-13.00, കൈപ്പക്ക-34.00, പയര്‍-28.00, പടവലം-23.00, കാരറ്റ്-34.00, ബീന്‍സ്-26.00, കാബേജ്-18.00, തക്കാളി-10.00, ബീറ്റ്‌റൂട്ട്-24.00, ഇഞ്ചി-35.00, ചേന-24.00, ചേമ്പ്-50.00.
പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ സ്റ്റാളില്‍ കിലോയ്ക്ക് 75 രൂപ നിരക്കില്‍ ഏഴോം കൈപ്പാട് അരിയും 72 രൂപയ്ക്ക് രണ്ടുകിലോ കൈപ്പാട് ജൈവ നെല്ലിന്‍വിത്തും ലഭ്യമാണ്. കൈപ്പാട് കൃഷിയുടെ മാതൃകയും ഒരുക്കിയിട്ടുണ്ട്.
എലിവിഷം മുതല്‍ പാറ്റമിഠായിവരെയും കത്തിമുതല്‍ കൂറ്റന്‍ കൊയ്ത്ത്-മെതി യന്ത്രംവരെയും കേരളത്തിലെ വാഴക്കുല വൈവിധ്യവും ജൈവകൃഷിരീതികള്‍ വ്യക്തമാക്കുന്ന പ്രദര്‍ശനവുമടക്കം നൂറുകണക്കിന് കാര്‍ഷിേകാപകരണങ്ങളും ഉത്പന്നങ്ങളും മേളയിലുണ്ട്.

More Citizen News - Kasargod