കോണ്‍ഗ്രസ്ഭരണം നല്കിയ അവകാശങ്ങള്‍ ബി.ജെ.പി. സര്‍ക്കാര്‍ കവരുന്നു -ഡീന്‍ കുര്യാക്കോസ്
Posted on: 17 Aug 2015
കാഞ്ഞങ്ങാട്: കോണ്‍ഗ്രസ്ഭരണം ജനങ്ങള്‍ക്ക് നല്കിയ അവകാശങ്ങളും ക്ഷേമപദ്ധതികളും ബി.ജെ.പി.-നരേന്ദ്രമോദി സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യസ്മൃതിയാത്രയുടെ സമാപനസമ്മേളനം പുതിയകോട്ട മാന്തോപ്പ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസ്മൃതി പുതുതലമുറയ്ക്ക് പകര്ന്നുനല്കാന് യൂത്ത് കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തെ ശിഥിലീകരണ ശക്തികള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പോരാട്ടം ശക്തമാക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റും ജാഥാ ലീഡറുമായ സാജിദ് മൗവ്വല്‍ അധ്യക്ഷതവഹിച്ചു. പി.ഗംഗാധരന് നായര്‍, ഹക്കിം കുന്നില്‍, പി.കെ.ഫൈസല്‍, കെ.കെ.രാജേന്ദ്രന്, കെ.ഗോവിന്ദന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വെള്ളിക്കോത്ത് സ്വാതന്ത്ര്യസമര സ്മൃതിമണ്ഡപത്തില്‍ ഉദ്ഘാടനസമ്മേളനം ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. ശ്രീജിത്ത് മാടക്കാല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എം.സി.ജോസ്, അഡ്വ. ടി.കെ.സുധാകരന്, ബാലകൃഷ്ണന് പെരിയ, വിനോദ്കുമാര്‍ പള്ളയില്‍വീട്, വി.ആര്.വിദ്യാസാഗര്‍, കെ.വി.സുധാകരന് തുടങ്ങിയവര്‍ സംസാരിച്ചു.