സിന്തറ്റിക് സ്റ്റേഡിയത്തിന്റെ ടര്‍ഫ് ഇറക്കുന്നതിനെച്ചൊല്ലി തര്‍ക്കം
Posted on: 17 Aug 2015
തൃക്കരിപ്പൂര്‍: കായികപ്രേമികള്‍ക്ക് ആഹ്ലാദംപകര്‍ന്ന് നിര്‍മാണം നടന്നുവരുന്ന മലബാറിലെ ആദ്യ സിന്തറ്റിക് സ്റ്റേഡിയ പ്രവൃത്തിക്കായി നടക്കാവിലെത്തിച്ച സിന്തറ്റിക് ടര്‍ഫ് റോള്‍ ഇറക്കുന്നതുസംബന്ധിച്ച് തര്‍ക്കം. തര്‍ക്കത്തില്‍ കുടുങ്ങി കണ്ടെയ്നര്‍ മണിക്കൂറുകളോളം കാത്തുകിടക്കേണ്ടിവന്നു. സ്റ്റേഡിയം നിര്‍മാണത്തിന്റെ കരാര്‍ത്തൊഴിലാളികളും തൃക്കരിപ്പൂരിലെ ചുമട്ടുതൊഴിലാളികളും തമ്മിലാണ് തര്‍ക്കമുണ്ടായത്. നാട്ടുകാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വെള്ളാപ്പില്നിന്ന് ക്രെയിന്‍ കൊണ്ടുവന്ന് ഇറക്കാന്‍ ശ്രമംനടത്തിയെങ്കിലും ചുമട്ടുതൊഴിലാളികള്‍ ഇത് തടസ്സപ്പെടുത്തി. പിന്നീട് ഇരുവിഭാഗവും ചര്‍ച്ചനടത്തി ഒരു കണ്ടെയ്നറിലുള്ള സാധനങ്ങള്‍ ഇറക്കാന്‍ നാലായിരത്തോളം രൂപ നിശ്ചയിച്ച് ക്രെയിന്‍ സഹായത്തോടെ ഇറക്കുകയായിരുന്നു. ഒരു കണ്ടെയ്നറിലുള്ള ടര്‍ഫ് റോള്‍ ഇറക്കാന്‍ 6000 രൂപയായിരുന്നു യൂണിയന് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. കൊച്ചിയില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് തൃക്കരിപ്പൂരില്‍ രണ്ട് കണ്ടെയ്നറുകളാണ് എത്തിയത്. ഈ കണ്ടെയ്നറുകളാണ് ആറുമണിക്കൂറോളം കാത്തുകിടക്കേണ്ടിവന്നത്. മലേഷ്യയില്‍നിന്ന് കപ്പല്‍മാര്‍ഗം കൊച്ചിയില്‍ ഇറക്കിയവയാണിവ.