വികസനപദ്ധതികളുടെ തടസ്സങ്ങള്‍ പരിഹരിക്കും-മന്ത്രി മോഹനന്‍

Posted on: 17 Aug 2015കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജ്, എന്‍ഡോസള്‍ഫാന്‍- ആര്‍.ഐ.ഡി.എഫ്. പദ്ധതികളുടെ നിര്‍വഹണത്തിലെ സാങ്കേതികതടസ്സങ്ങള്‍ ജില്ലയില്‍ത്തന്നെ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. ജില്ലാ ആസൂത്രണസമിതി ഹാളില്‍ പദ്ധതികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കും. കെട്ടിടങ്ങളുടെ നിര്‍മാണത്തോടൊപ്പം വൈദ്യുതി, കുടിവെള്ളം എന്നിവകൂടി ലഭ്യമാക്കണം. എസ്റ്റിമേറ്റില്‍ ഇതിനുള്ള തുകകൂടി വകയിരുത്തണമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനംചെയ്ത ശേഷവും പദ്ധതികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകരുതെന്നും മന്ത്രി നിര്‍ദേശിച്ചു. എന്‍ഡോസള്‍ഫാന്‍- ആര്‍.ഐ.ഡി.എഫ്. പദ്ധതികളുടെ നിര്‍വഹണത്തിലെ സാങ്കേതികതടസ്സങ്ങള്‍ നീക്കാന്‍ 19-ന് മൂന്നുമണിക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം കളക്ടര്‍ വിളിച്ചുചേര്‍ക്കും.
ഈ പദ്ധതിയിലുള്‍പ്പെട്ട കെട്ടിടങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തനതുഫണ്ട് വകയിരുത്തും. ഹൈസ്‌കൂളുകള്‍ക്കും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും ജില്ലാ പഞ്ചായത്തും പ്രൈമറി സ്‌കൂളുകള്‍ക്ക് ഗ്രാമപ്പഞ്ചായത്തുകളും തുക വകയിരുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ആര്‍.ഡി.ഒ. ഡോ. പി.കെ.ജയശ്രീ, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ഷാജി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി.രാജ്‌മോഹന്‍, ഡി.എം.ഒ. ഡോ. എ.പി.ദിനേഷ്‌കുമാര്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ െഡപ്യൂട്ടി കളക്ടര്‍ എന്‍.പി.ബാലകൃഷ്ണന്‍ നായര്‍, എന്‍.ആര്‍.എച്ച്.എം. ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവരും വിവിധ വകുപ്പുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.

More Citizen News - Kasargod