ബില്‍ ചോദിച്ചുവാങ്ങൂ, ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യൂ... വാണിജ്യവകുപ്പിന്റെ പുതിയ നീക്കത്തിന് വന്‍ സാധ്യത
Posted on: 17 Aug 2015
കണ്ണൂര്‍: ശരിയായ നികുതിസംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി വാണിജ്യനികുതി വകുപ്പ് തുടങ്ങിയ ഫേസ്ബുക്കിലെ 'പോസ്റ്റ് ബില്‍സ് ഹിയര്‍'കമ്യൂണിറ്റി സംവിധാനം ശ്രദ്ധേയമാകുന്നു. തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ നൂറുകണക്കിന് ബില്ലുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഇതില്‍ അപ്ലോഡ് ചെയ്തു.
നികുതി ഉറപ്പാക്കുന്നതിന് മാത്രമല്ല കടകളില്‍നിന്ന് സാധനം വാങ്ങിയാല്‍ ബില്ലുകള്‍ ചോദിച്ചുവാങ്ങുക എന്ന രീതി ഒരു ശീലമാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് വിദേശത്തും മറ്റുമുള്ള ഈ സംവിധാനം തുടങ്ങാന്‍ വകുപ്പ് തീരുമാനിച്ചത്. വില്പനനികുതി കമ്മീഷണറുടെ ആശയം കൂടിയായിരുന്നു ഇത്.
ബില്ലിന്റെ കാര്യത്തില്‍ നികുതിവെട്ടിപ്പ് മാത്രമല്ല മറ്റുപല കള്ളത്തരങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. ദിനംപ്രതി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകള്‍ ഈ മേഖലയില്‍ വ്യാപകമാണെന്ന് വകുപ്പുതന്നെ പറയുന്നുണ്ട്. ഒരേ ബ്രാന്‍ഡിലുള്ള സാധനം വ്യത്യസ്ത കടകളില്‍നിന്ന് വാങ്ങുമ്പോള്‍ വ്യത്യസ്തനിരക്ക് വാങ്ങുന്നത് കാണാം. എം.ആര്.പി.യെക്കാള്‍ കൂടുതല്‍ വിലയിട്ടശേഷം അതില്‍ കുറച്ചുഭാഗം ഡിസ്കൗണ്ട് എന്ന പേരില്‍ നല്കി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന രീതിയും വ്യാപകം. ഇത്തരം ബില്ലുകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുന്നതോടെ പൊതു ഇടങ്ങളില്‍ ചര്‍ച്ചയാവുമെന്നും ചോദ്യം ചെയ്യപ്പെടുമെന്നും വാണിജ്യനികുതി വകുപ്പ് കരുതുന്നു. പുതിയ സംവിധാനം വന്നതോടെ തട്ടിപ്പുകള്‍ കുറയ്ക്കാനിടയാക്കുമെന്ന് വാണിജ്യവകുപ്പ് കരുതുന്നു.
പല വ്യാപാരസ്ഥാപനങ്ങളും ബില്‍ എന്ന പേരില്‍ കൊടുക്കുന്നത് യഥാര്‍ഥത്തിലുള്ളതല്ല എന്നതും തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യക്തമായ നമ്പറോ കടയുടെ തിരിച്ചറിയല്‍ ലൈസന്‍സ് നമ്പറോ കാണില്ല. അതേസമയം എസ്റ്റിമേറ്റ്, ക്വട്ടേഷന്‍ എന്ന് എഴുതിയിട്ടാണ് ചിലര്‍ ബില്‍ നല്‍കുന്നത്. ഇതുകാരണം നികുതിയിനത്തില്‍ വന്‍ചോര്‍ച്ച സര്‍ക്കാറിന് ഉണ്ടാകുന്നുണ്ട്.
എം.ആര്.പി.യുടെ പേരിലാണ് വന്‍ തട്ടിപ്പുകള്‍ നടക്കുന്നത്. പല കമ്പനികളും തോന്നുംപടിയാണ് എം.ആര്.പി. ഇടുന്നത്. പടക്കവില്‍പനയില്‍ ഈ ചൂഷണം വന്‍തോതിലാണ്. ഉത്പാദനച്ചെലവിന്റെ നൂറിരട്ടി വരെ എം.ആര്.പി. ഇടുകയും വലിയ ഡിസ്കൗണ്ട് നല്‍കുകയും ചെയ്യുകയാണ് പല കമ്പനികളും.
മെഡിക്കല്‍ ഷോപ്പുകളില്‍നിന്നുപോലും പലരും ബില്‍ വാങ്ങാറില്ല. ഇത് പിന്നീട് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പുതിയ സംവിധാനത്തില്‍ കാലാവധി കഴിഞ്ഞ മരുന്നാണോ വിറ്റത് എന്ന് അറിയാന്‍ കഴിയും. ഇത് വലിയ തെളിവാകുകയും ചെയ്യും.ഉപഭോക്തൃ കോടതിയില്‍ പോകുന്നവര്‍ക്കും ഗുണകരമാകും.
പരസ്യമാക്കാന്‍ ആഗ്രഹിക്കാത്ത ബില്ലുകള്‍ ഇ-മെയില്‍ ചെയ്യാനുള്ള സംവിധാനവും വരുന്നുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പും പ്രത്യേക ആപ്ലിക്കേഷനും തുടങ്ങാന്‍ വകുപ്പിന് ഉദ്ദേശ്യമുണ്ട്.
ഉപഭോക്താക്കള്‍ ചെയ്യേണ്ടത് ഇത്രമാത്രം. സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിച്ച ബില്ലുകള്‍ facebook.com/postbillshere എന്ന വിലാസത്തില്‍ അപ്ലോഡ് ചെയ്യുക.