സൈക്കിളോട്ടം കുട്ടിക്കളിയല്ല; ഇനിപെര്‍മിറ്റും റജിസ്‌ട്രേഷന്‍ നമ്പറും

Posted on: 15 Aug 2015
ഉദിനൂര്‍: സൈക്കിള്‍ കാര്യത്തില്‍ എന്നും ഒരുപടി മുന്നിലാണ് ഉദിനൂരുകാര്‍. കാലുറച്ചുകഴിയുമ്പോഴേക്കും സൈക്കിളിലേറുന്ന ബാല്യംമുതല്‍ കൗമാരംവരെ സൈക്കിളിനെ ആശ്രയിക്കുന്ന ഇവിടെ ആയിരത്തിലധികം കുട്ടികള്‍ സ്‌കൂളിലെത്തുന്നത് സൈക്കിളിലാണ്. സൈക്കിള്‍ പെരുമകൊണ്ട് ലോകശ്രദ്ധ നേടിയ ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികളുടെ സൈക്കിളുകള്‍ക്ക്‌ െപര്‍മിറ്റും റജിസ്‌ട്രേഷന്‍ നമ്പറും നല്കുകയാണ്.

സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയവും തണല്‍മരങ്ങളും പിന്നിട്ട് റോഡിലെത്തിയ സൈക്കിള്‍ പാര്‍ക്കിങ്ങില്‍നിന്ന് സൈക്കിളുകള്‍ മോഷണംപോകുന്നത് പതിവായതോടെയാണ് സ്‌കൂള്‍ അധികൃതര്‍ സൈക്കിള്‍ സംരക്ഷണത്തിന് പദ്ധതി ആവിഷ്‌കരിച്ചത്. സ്‌കൂള്‍ സൈക്കിള്‍ ജാഗ്രതാസമിതിയുടെ മേല്‍നോട്ടത്തില്‍ ചന്തേര പോലീസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നമ്പര്‍ അടങ്ങിയ റിഫ്ലക്ടര്‍ മുദ്ര സൈക്കിളില്‍ പതിക്കുന്നതോടെ തിരിച്ചറിയല്‍ എളുപ്പത്തിലാവുകയും ചെയ്യും. ക്ലാസ് അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റജിസ്റ്റര്‍ ക്രോഡീകരിച്ച് സ്‌കൂള്‍ റജിസ്റ്ററായി സൂക്ഷിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

പദ്ധതിയുടെ ഉദ്ഘാടനം 17-ന് വൈകിട്ട് മൂന്നുമണിക്ക് ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് നിര്‍വഹിക്കും. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ സൈക്കിളില്‍ നിരയായി പോകുന്ന ഉദിനൂരിലെ പതിവുകാഴ്ചയ്ക്ക് രണ്ടുപതിറ്റാണ്ടോളം പഴക്കമുണ്ട്. രാവിലെ ഗതാഗതക്കുരുക്കിലമരുന്ന കൂട്ടുകാരെ രക്ഷിച്ച് സ്‌കൂളിലെത്തിക്കാന്‍ കുട്ടിപ്പോലീസുകാരും ഇവര്‍ക്കൊപ്പമുണ്ട്.

More Citizen News - Kasargod