തൃക്കണ്ണാട് കടപ്പുറത്ത് ആയിരങ്ങള്‍ തര്‍പ്പണംചെയ്തു
Posted on: 15 Aug 2015
ഉദുമ: ത്രയംബകേശ്വരനെ വണങ്ങി തൃക്കണ്ണാട് കടപ്പുറത്ത് ആയിരങ്ങള്‍ തര്‍പ്പണം നടത്തി. എള്ളും പൂവും ബലിച്ചോറും പിതൃക്കള്‍ക്ക് സമര്‍പ്പിച്ചു. അമാവാസിയുടെ തലേദിവസം ഒരിക്കല്‍ വ്രതമെടുത്തെത്തിയ 35,000-ത്തോളം വിശ്വാസികള്‍ വെള്ളിയാഴ്ച തൃക്കണ്ണാട് ബലിതര്‍പ്പണം ചെയ്തു.
ക്ഷേത്രക്കുളത്തില്‍ കുളിച്ച് ഈറനായെത്തി തിരുനടയില്‍നിന്ന് അരിയും പൂവും വാങ്ങി കടപ്പുറത്ത് തര്‍പ്പണം പൂര്‍ത്തിയാക്കാന്‍ വിശ്വാസികള്‍ മണിക്കൂറുകള്‍ കാത്തുനിന്നു. ഉത്തരകേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും കര്‍ണാടകയില്‍നിന്നും പുലര്‍ച്ചെ നാലുമണിമുതല്‍ വിശ്വാസികള്‍ ക്ഷേത്രനടയിലെത്തിയിരുന്നു.
തര്പ്പണത്തിനെത്തുന്നവര്ക്കുവേണ്ടി കടപ്പുറത്ത് 20 ബലിത്തറകളും ക്ഷേത്രനടയില്‍ ആറ് കൗണ്ടറുകളും രണ്ട് ലഘുഭക്ഷണ കൗണ്ടറുകളും തുറന്നിരുന്നു. ഉച്ചവരെ തര്‍പ്പണച്ചടങ്ങുകള്‍ നീണ്ടുനിന്നു.