ചെങ്കളയില്‍ മാലിന്യംതന്നെ മുഖ്യവിഷയം

Posted on: 15 Aug 2015ചെര്‍ക്കള: കളക്ടറേറ്റും വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസുകളും കോടതിസമുച്ചയവും ഉള്‍ക്കൊള്ളുന്നതാണ് ചെങ്കള പഞ്ചായത്ത്. ജില്ലയില്‍ത്തന്നെ ഏറ്റവുംകൂടുതല്‍ വരുമാനമുള്ളതും ജനസംഖയിലും വിസ്തീര്‍ണത്തിലും മുന്നില്‍നില്ക്കുകയുംചെയ്യുന്ന പഞ്ചായത്തുകളിലൊന്നാണ് ചെങ്കള. മുസ്ലിം ലീഗിന് വന്‍ ഭൂരിപക്ഷമുള്ള പഞ്ചായത്ത്. 1995 മുതല്‍ 2000 വരെ എല്‍.ഡി.എഫ്. പിന്തുണയോടെ ഐ.എന്‍.എല്ലിലെ പി.ബി.അഹമ്മദായിരുന്നു ഭരണത്തിന് ചുക്കാന്‍പിടിച്ചത്. ദീര്‍ഘകാലം പ്രസിഡന്റായിരുന്ന മുഹമ്മദ് മുബാറക് ഹാജി ഉള്‍പ്പെടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും ഐ.എന്‍.എല്ലിലേക്ക് പോയതോടെയാണ് ലീഗിന് ഭരണം നഷ്ടപ്പെടാനിടയായത്. പിന്നീട് നേതാക്കളും നിരവധി പ്രവര്‍ത്തകരും തിരിച്ചെത്തിയത് മുസ്ലിം ലീഗിന് ഏറെ ആശ്വാസമായിരുന്നു.
മാലിന്യമാണ് പഞ്ചായത്ത് നേരിടുന്ന മുഖ്യപ്രശ്‌നം. മാലിന്യസംസ്‌കരണത്തിനായി പഞ്ചായത്ത് തുടങ്ങിയ രണ്ട് പദ്ധതികളും പാതിവഴിയിലുപേക്ഷിച്ചു. പഞ്ചായത്ത് ഓഫീസില്‍നിന്ന് വിളിപ്പാടകലെ ദേശീയപാതയോടുചേര്‍ന്ന് മാലിന്യം കുമിയുന്നു. മൂക്കുപൊത്താതെ ഇതുവഴി കടന്നുപോകാന്‍ കഴിയില്ല. എം.പി.യും ജില്ലാ പഞ്ചായത്തും അവഗണിക്കുകയാണെന്ന പരാതി ഭരണപക്ഷത്തിനുണ്ട്.
എടുത്തുപറയാന്‍ നേട്ടങ്ങളേറെ - സി.ബി.അബ്ദുള്ള ഹാജി (പഞ്ചായത്ത് പ്രസിഡന്റ്-മുസ്ലിം ലീഗ്)
* പട്ടികജാതി/പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സമ്പൂര്‍ണ ഭവനപദ്ധതി നടപ്പാക്കി. ദുര്‍ബലവിഭാഗങ്ങള്‍ക്ക് 250 വീടുകള്‍ പണിതുനല്കി.
* പഞ്ചായത്തിലെ പിന്നാക്കപ്രദേശങ്ങളില്‍ ഉള്‍പ്പെടെ റോഡുവികസനത്തില്‍ കുതിപ്പുണ്ടാക്കാന്‍ കഴിഞ്ഞു. നിരവധി തെരുവുവിളക്കുകള്‍ സ്ഥാപിച്ചു.
*ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങളും സ്‌കോളര്‍ഷിപ്പുംനല്കി.
* പഞ്ചായത്തില്‍ സമ്പൂര്‍ണ പെന്‍ഷന്‍പദ്ധതി നടപ്പാക്കി. 4,780 പേര്‍ക്ക് വിവിധ പെന്‍ഷനുകള്‍ നല്കുന്നു
* ഗ്രാമവികസനകേന്ദ്രങ്ങള്‍ തുടങ്ങി.
* കിടപ്പിലായ രോഗികള്‍ക്ക് പ്രത്യേക സാന്ത്വനചികിത്സാപദ്ധതി നടപ്പാക്കി.
* പഞ്ചായത്ത് ലൈബ്രറി 2200 പുസ്തകങ്ങളോടെ പ്രവര്‍ത്തനസജ്ജമാക്കിവരുന്നു.
പക്ഷപാതിത്വവും അവഗണനയും -പി.ചന്തുക്കുട്ടി (പ്രതിപക്ഷനേതാവ്-സി.പി.എം.)
* മാലിന്യം നഗരത്തില്‍ കുമിയുന്നു. സംസ്‌കരണത്തിന് നടപടിയില്ല. ലക്ഷങ്ങള്‍ ചെലവിട്ട രണ്ട് പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു.
* ജില്ലയില്‍ ഏറ്റവുംകൂടുതല്‍ വരുമാനമുള്ള ചെങ്കള പഞ്ചായത്ത് വികസനകാര്യത്തില്‍ ഇത് പ്രതിഫലിക്കുന്നില്ല.
* ചെര്‍ക്കള ടൗണ്‍ നവീകരണ പദ്ധതി നടപ്പാക്കിയില്ല. റോഡുകള്‍ തകര്‍ന്നുകിടക്കുന്നു. അറ്റകുറ്റപ്പണി നടക്കുന്നത് മുസ്ലിം ലീഗ് പ്രമാണികളുടെ സ്ഥലങ്ങളില്‍മാത്രം.
* ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും മുസ്ലിം ലീഗ് സ്വന്തക്കാര്‍ക്കും അനര്‍ഹര്‍ക്കും നല്കുന്നു
* വികസനപ്രവര്‍ത്തനങ്ങളില്‍നിന്ന് ഗ്രാമപ്രദേശങ്ങളെ പൂര്‍ണമായും അവഗണിച്ചു. തെരുവ് വിളക്കുകള്‍ നോക്കുകുത്തികളായി.
* കാര്‍ഷിക-ആരോഗ്യ മേഖലകളെ അവഗണിച്ചു.
രൂപവത്കരണം:
1963
വിസ്തീര്‍ണം: 53.73 ചി.കി.മീ.
ജനസംഖ്യ (2011): 57,756
ആകെ വാര്‍ഡുകള്‍: 23
കക്ഷിനില
മുസ്ലിം ലീഗ്-18
കോണ്‍ഗ്രസ്-1
സി.പി.എം-3
സി.പി.എം. റിബല്‍-1

More Citizen News - Kasargod