രാജുവിന്റെ ജൈകൃഷിയിടത്തില് അബ്ദുല്‍ കലാമിന് പ്രണാമം
Posted on: 15 Aug 2015
വെള്ളരിക്കുണ്ട്: 'മണ്ണിനും മനുഷ്യനും ജീവിതം സമര്‍പ്പിച്ച ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന് പ്രണാമം'. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പ്ലാത്തടം കൊമ്പന്റെ മാടിയിലെ ടി.കെ.രാജുവിന്റെ കൃഷിയിടത്തിലിറങ്ങിയാല്‍ ആദ്യം കണ്ണില്‍പ്പെടുക ഈ വാക്യമാണ്. രണ്ടര ഏക്കര്‍ സ്ഥലത്തെ ജൈവകൃഷിത്തോട്ടം ഇപ്പോള്‍ കാര്ഷികവിദ്യാര്ഥികളുടെയും ജനപ്രതിനിധികളുടെയും കൃഷി പഠനകേന്ദ്രം കൂടിയാണ്.
മണ്ണിനെ മറയ്ക്കാതെ ലാഭം കൊയ്യുന്നതെങ്ങനെയെന്ന് രാജു വിശദീകരിക്കും. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍ കാലാമിന്റെ അവസാന വാക്കുകള്‍ മുതല്‍ ഹരിതരാഷ്ട്രീയം വരെ ഇതില്‍ കടന്നുവരും. ചെറുകിഴങ്ങ്, വന്കിഴങ്ങ് മുതല്‍ 22 ഇനം കിഴങ്ങുകളും വിവിധ പച്ചക്കറികളും രണ്ടര ഏക്കര്‍ കൃഷിയിടത്തിലുണ്ട്. ഏത്തവാഴയും കപ്പയും സമൃദ്ധമായി വളരുന്നു.
കോട്ടയം സ്വദേശിയായ രാജു 2010-ലാണ് ഇവിടെയെത്തിയത്. ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തകനായിരുന്നു. സി.ആര്.നീലകണ്ഠന്റെ നേതൃത്വത്തിലുള്ള സൗജന്യ നിയമസഹായസമിതിയിലുമുണ്ട്. ജൈവകൃഷിക്കൊപ്പം നിയമസഹായത്തിനും രാജുവിനെ സമീപിക്കാം. ജൈവകൃഷി ലാഭകരമെന്നു തെളിയിക്കുന്നതിനൊപ്പം കര്‍ഷകരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കലും തന്റെ ലക്ഷ്യമാണെന്ന് രാജു പറയുന്നു.
അടുത്തവര്‍ഷം ചിങ്ങം ഒന്നിന് നാട്ടുകാര്‍ക്ക് 1000 തൈകള്‍ സൗജന്യമായി നല്‍കാനുള്ള തീരുമാനത്തിലാണ് ഈ കര്ഷകന്. കൊക്കോയും ആഞ്ഞിലിയും ജാതിയും മറ്റും. പ്രോത്സാഹനവുമായി കൃഷിഭവന് ഒപ്പമുണ്ട്. ഹരിതരാഷ്ട്രീയത്തിന്റെ അനുയായിയായ രാജുവിന് പ്രിയപ്പെട്ടയാള്‍ എ.പി.ജെ. അബ്ദുല്‍ കലാമാണ്. പ്രണാമമര്‍പ്പിച്ച് കൃഷിയിടത്തില്‍ ബോര്‍ഡ് കെട്ടിയത് ഈ ആദരവിന്റെ ഭാഗമായാണ്. 21-ന് ഇവിടെയെത്തുന്ന മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് ജൈവകൃഷി പദ്ധതി സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് രാജു.