'കന്നഡിഗര്‍ക്ക്' മലയാളി വീട്ടമ്മയുടെ വക കൈപ്പുസ്തകം

Posted on: 15 Aug 2015കാസര്‍കോട്: കന്നട പഠിച്ച മലയാളി വീട്ടമ്മയുടെ വക 'കന്നഡിഗര്‍ക്ക്' മത്സര പരീക്ഷയ്ക്കുള്ള കൈപ്പുസ്തകം. കാസര്‍കോട് ജില്ലയില്‍ താമസിക്കുന്ന കന്നടഭാഷ സംസാരിക്കുന്നവര്‍ക്കാണ് കേരള പി.എസ്.സി. പരീക്ഷയടക്കം എഴുതാന്‍ ഒരു വീട്ടമ്മ മൂന്ന് കൈപ്പുസ്തകം ഒരുക്കിയത്. കാസര്‍കോട് പെര്‍ള മണിയംപാറയിലെ എന്‍ജിനീയറിങ് ബിരുദധാരിയായ ബേബി ജയറാം (32) ആണ് ഈ ഭാഷാ സഹായി. ജില്ലയിലെ ആയിരക്കണക്കിന് കന്നഡിഗര്‍ക്ക് ഇനി കേരളത്തെക്കുറിച്ച് കന്നടയില്‍ വായിച്ചുപഠിക്കാം.

കേരളത്തിലെ പി.എസ്.സി. പരീക്ഷയെഴുതുന്ന കന്നഡിഗര്‍ക്ക് നിലവില്‍ കന്നടയില്‍ വായിച്ചുപഠിക്കാന്‍ ഗൈഡുകളില്ല. ഈ വിഷമം മനസ്സിലാക്കിയാണ് ബേബി ജയറാം ഇതിന് മുതിര്‍ന്നത്. ശിശുരോഗ വിദഗ്ധനായ ഭര്‍ത്താവ് ഡോ. എസ് ജയറാം പ്രോത്സാഹനമായി മുന്നില്‍ നിന്നപ്പോള്‍ ബേബി കൈപ്പുസ്തകരചന തുടങ്ങി. മാസങ്ങളോളം മലയാളത്തിലെ വിവിധ പുസ്തകങ്ങള്‍ വായിച്ചാണ് അതിലെ പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും 'വിജയശ്രീ' എന്ന പേരിലുള്ള കൈപ്പുസ്തകത്തില്‍ ചേര്‍ത്തത്.

കേരളത്തെയും ഇന്ത്യയെയും വിവരിക്കുന്ന 52, 64 പേജുള്ള മൂന്നുപുസ്തകങ്ങളാണ് കന്നഡിഗര്‍ക്ക് മുന്നിലെത്തിയത്. പി.എസ്.സി. പരീക്ഷയ്ക്കുവേണ്ടി 'കേരള നവോത്ഥാനം' തയ്യാറായിവരികയാണെന്ന് ബേബി ജയറാം പറഞ്ഞു. സീനിയര്‍ കോ ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ എന്‍.അശോക, കന്നട സാഹിത്യ പരിഷദ് അധ്യക്ഷന്‍ എസ്.വി.ഭട്ട് എന്നിവരാണ് അവതാരിക തയ്യാറാക്കിയത്. എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.അബ്ദുള്‍ റഹ്മാന്‍, പി.എ.കക്കില്ലായ, സന്ധ്യാ നേമിരാജ്, ബി.എസ്.വിശ്വനാഥ സുബ്രായ നായ്ക് എന്നിവരാണ് പുത്സകത്തിന് പിന്നില്‍ ബേബിക്ക് ഉപദേശം നല്‍കിയത്. മലയാളപുസ്തകങ്ങള്‍ എത്തിച്ചു നല്‍കാന്‍ സഹോദരങ്ങളായ വനജാക്ഷി, രേഖ, മോഹന നായ്ക്, നേമിരാജ് എന്നിവര്‍ ഒപ്പം നിന്നു. മലയാളത്തിനൊപ്പം കന്നടയും പഠിച്ച ബേബി കാസര്‍കോട് എല്‍.ബി.എസ്. എന്‍ജിനീയറിങ് കോളേജില്‍നിന്നാണ് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയത്. മണിയംപാറയിലെ ഗോവിന്ദ നായ്കിന്റെയും വാരിജയുടെയും മകളാണ്. ഹരിശങ്കര്‍, അജയ്ശങ്കര്‍ എന്നിവര്‍ മക്കള്‍. ഭര്‍ത്താവ് ഡോ. എസ്.ജയറാമിനൊപ്പം വിദ്യാനഗര്‍ ഉദയഗിരിയിലാണ് താമസം.

More Citizen News - Kasargod