സി.പി.എം.-കോണ്‍ഗ്രസ് പോര് മുറുകുന്നു
Posted on: 15 Aug 2015
പാലം ഒന്ന്, ഉദ്ഘാടനം രണ്ട്
വെള്ളരിക്കുണ്ട്: ഒരു പാലം രണ്ടുതവണ ഉദ്ഘാടനംചെയ്തത് സംബന്ധിച്ച വിവാദം കൊഴുക്കുന്നു. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പാമ്പങ്ങാനത്താണ് വിചിത്രമായ ഉദ്ഘാടനങ്ങള്‍ നടന്നത്. സി.പി.എമ്മും കോണ്‍ഗ്രസ്സും തമ്മില്‍ ഇതിന്റെപേരില്‍ വാക്പയറ്റ് തുടരുന്നു.
പ്രഭാകരന് കമ്മീഷന് റിപ്പോര്‍ട്ടനുസരിച്ച് ജില്ലയില്‍ ആദ്യം പൂര്‍ത്തിയായ പദ്ധതിയാണ് പാമ്പങ്ങാനത്തെ പാലം. വി.സി.ബി.കെ. ട്രാക്റ്റര്വേയായി 42 ലക്ഷം രൂപ ചെലവില്‍ േെറക്കാഡ്വേഗത്തിലാണ് നിര്മാണംപൂര്ത്തിയാക്കിയത്. പണിതീര്‍ന്ന് ഉദ്ഘാടനത്തോടടുത്തപ്പോള് പാര്‍ട്ടികള്‍ ചേരിതിരിഞ്ഞു.
പദ്ധതി നടപ്പാക്കിയതിനെച്ചൊല്ലിയുള്ള അവകാശവാദങ്ങളിലായിരുന്നു തുടക്കം. ചേരിതിരിഞ്ഞുള്ള ഉദ്ഘാടനത്തിലേക്കാണ് ഇതെത്തിച്ചേര്‍ന്നത്. ആഗസ്ത് എട്ടിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന് ഉദ്ഘാടനംനടത്തിയ പാലം തൊട്ടടുത്തദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവിയും ഉദ്ഘാടനംചെയ്തു. ആദ്യത്തേത് കോണ്‍ഗ്രസ് വക. പിന്നാലെവന്നത് സി.പി.എമ്മിന്റേതും.
പ്രഭാകരന് കമ്മീഷനില്‍ പാലത്തിനുള്ള പദ്ധതി ഉള്‍പ്പെടുത്തിയ തങ്ങളെ അവഗണിച്ചാണ് കോണ്‍ഗ്രസ് ഉദ്ഘാടനംനടത്തിയതെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എമ്മും പറയുന്നത്. എന്നാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും പഞ്ചായത്ത് പ്രസിഡന്റിനെയും സമീപിച്ചെങ്കിലും അവര്‍ സഹകരിച്ചില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികാരികളും കോണ്‍ഗ്രസ്സും പറയുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് ഉദ്ഘാടകനായി കണ്ടതെന്നും മന്ത്രിയുടെ അസാന്നിധ്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങ് നടത്തിയതെന്നും ഇവര്‍ വിശദീകരിക്കുന്നു.
ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ 2011 ഏപ്രില്‍ 27-ലെ യോഗത്തിന്റെ പ്രമേയവും ഇതനുസരിച്ച് മെയ് 16-ന് മൈനര്‍ ഇറിഗേഷന്‍ ഓഫീസില്‍ സമര്‍പ്പിച്ച നിവേദനവും അടിസ്ഥാനമാക്കിയാണ് പാലത്തിനുള്ള നടപടിവന്നതെന്ന് ബ്ലോക്ക് അധികാരികള്‍ വ്യക്തമാക്കുന്നു. 2014 സപ്തംബര്‍ !24-ന് മുഖ്യമന്ത്രിക്ക് നല്കിയ കത്തിന്റെയും പ്രഭാകരന് കമ്മീഷനില്‍ ഉള്‍പ്പെടുത്തുന്നതിനായി കളക്ടര്‍ക്ക് മുഖ്യമന്ത്രി നല്കിയ കത്തിന്റെയും പകര്‍പ്പുകള്‍ തെളിവായി ഇവര്‍ നിരത്തുന്നു.
പാലം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിഷയമാകുമെന്ന ചിന്തയിലാണ് ഇരുപാര്‍ട്ടികളും. വെള്ളവുംവെളിച്ചവും പാലവുമില്ലാതെ വിഷമിച്ചിരുന്ന പാമ്പങ്ങാനത്ത് ഇതെല്ലാമെത്തിയ സന്തോഷം നാട്ടുകാര്‍ക്കുണ്ട്. എന്നാല്‍, ഇരുപാര്‍ട്ടികളും നടത്തുന്ന അവകാശവാദങ്ങള്‍ വോട്ടര്‍മാരെയും ആശങ്കയിലാക്കുന്നുണ്ട്.
പാലം ഉദ്ഘാടനംകഴിഞ്ഞ് പോയ ബ്ലോക്ക് പഞ്ചായത്തംഗം പി.വി.രവി കോഹിനൂരിനെ തടഞ്ഞതിന് സി.പി.എം. പ്രവര്‍ത്തകരായ ജോസ് ടി.വര്‍ഗീസ്, ദിനേശന്, ടി.എ.രവി എന്നിവര്‍ക്കെതിരെ കേസുണ്ട്. സി.പി.എം. ബിരിക്കുളത്ത് വിശദീകരണയോഗം നടത്തി പ്രതിഷേധിച്ചു.
കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി യോഗം സി.പി.എം. നിലപാടിനെതിരെ രംഗത്തു വന്നു. വികസനം മറന്നവര്‍ അത് കൊണ്ടുവരുന്നവരെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് യോഗം ആരോപിച്ചു. പ്രസിഡന്റ് സി.വി.ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു.