പൊടോത്തുരുത്തിക്കാരുടെ ചുരുളന്‍വള്ളം നീറ്റിലിറക്കി
Posted on: 14 Aug 2015
നീലേശ്വരം: പൊടോത്തുരുത്തി എ.കെ.ജി. സ്മാരക കലാവേദി വള്ളംകളി മത്സരത്തിനായി ചുരുളന്‍വള്ളം നീറ്റിലിറക്കി. ഇത് രണ്ടാംതവണയാണ് കലാവേദി ഇത്തരമൊരു സംരംഭം നടത്തുന്നത്. പത്തുലക്ഷം രൂപ ചെലവില്‍ ആലപ്പുഴയില്‍നിന്ന് വിദഗ്ധരായ വള്ളംനിര്‍മാണ തൊഴിലാളികളെ പൊടോത്തുരുത്തിയില്‍ കൊണ്ടുവന്നാണ് വള്ളം നിര്‍മിച്ചത്. കഴിഞ്ഞവര്‍ഷവും പുതിയൊരു ചുരുളന്‍വള്ളം നീറ്റിലിറക്കിയിരുന്നു. ജില്ലാജലോത്സവത്തിലും മറ്റും ഒന്നാംസ്ഥാനം നേടാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഇക്കുറിയും പുതിയ ചുരുളന്‍വള്ളം നീറ്റിലിറക്കാന്‍ വേദി തയ്യാറാവുന്നത്. പത്തുലക്ഷം രൂപയാണ് വളത്തിന്റെ വില. കലാവേദി അംഗങ്ങള്‍ സ്വമേധയാ നല്കിയതും നാട്ടുകാരുടെ സംഭാവനയും സ്വീകരിച്ചാണ് ഇത്രയും തുക സംഭരിച്ചത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ചുരുളന്‍വള്ളം നീറ്റിലിറക്കി. ടി.നാരായണന് അധ്യക്ഷതവഹിച്ചു. നഗരസഭ ഉപാധ്യക്ഷ ടി.വി.ശാന്ത, വി.കെ.ദാമോദരന്‍, ഏ.കെ.കുമാരന്, കെ.മനു തുടങ്ങിയവര്‍ സംസാരിച്ചു. കാര്യങ്കോട് പുഴയില്‍ പൊടോത്തുരുത്തിയിലാണ് വള്ളം നീറ്റിലിറക്കിയത്.