കെ.സി.സി.പി.യിലെ റബ്ബര്‍മരങ്ങള്‍ വെട്ടിനശിപ്പിച്ചു

Posted on: 14 Aug 2015



നീലേശ്വരം: പോലീസ് സംരക്ഷണത്തിനിടയില്‍ കരിന്തളം തലയടുക്കത്തെ കേരള ക്‌ളെയ്‌സ് ആന്‍ഡ് സിറാമിക് പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ ( കെ.സി.സി.പി.) ഖനനപ്രദേശത്തെ റബ്ബര്‍മരങ്ങള്‍ വെട്ടിനശിപ്പിച്ചു. ഖനനംനടത്തിയ കുഴികളില്‍ മണ്ണിട്ടുമൂടിയശേഷം അതിനുമുകളില്‍ വെച്ചുപിടിപ്പിച്ച നാലുവര്‍ഷം പ്രായമായ 40-ഓളം റബ്ബര്‍മരങ്ങളാണ് നശിപ്പിച്ചത്. കമ്പനിക്ക് പോലീസ് സംരക്ഷണം തുടരുന്നതിനിടയിലാണ് ഇത് നടന്നത്. 400-ഓളം റബ്ബര്‍ തൈകളാണ് ഇവിടെയുള്ളത്. യൂണിറ്റ് മാനേജര്‍ ശ്രീധരന്‍ നമ്പൂതിരിയുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തു.
സാമൂഹദ്രോഹികളുടെ നടപടിയില്‍ കെ.സി.സി.പി. സി.ഐ.ടി.യു. യൂണിയന്‍ ഭാരവാഹികളായ എ.മാധവനും പി.കൃഷ്ണനും പ്രതിഷേധിച്ചു. മാതൃകാപരമായി പ്രതികളെ ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മാസങ്ങളായി കമ്പനി പ്രവര്‍ത്തിക്കുന്നില്ല. ഖനനവിരുദ്ധ കര്‍മസമിതിയുടെ അനിശ്ചിതകാലസമരത്തിന്റെ അവസാനദിവസം രാത്രി തൊഴിലാളികള്‍ താമസിക്കുന്ന ഷെഡ് തീവെച്ച്‌നശിപ്പിച്ചിരുന്നു. ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ തെളിവുകള്‍ ശേഖരിച്ചിരുന്നെങ്കിലും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. അതിനിടയില്‍ കര്‍മസമിതി കമ്പനിക്ക് ജനകീയതാഴിട്ട് പൂട്ടിയിരുന്നു. നിയമസഭയില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.യുടെ മറുപടിയില്‍ വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഇനി ഖനനം തുടരില്ലെന്ന് അറിയിച്ചിരുന്നു.

More Citizen News - Kasargod