ജില്ലയിലെ പ്രധാന റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 16.36 കോടിയുടെ കരാര്‍
Posted on: 14 Aug 2015
കാസര്‍കോട്: തകര്‍ന്നുതരിപ്പണമായ ജില്ലയിലെ ദേശീയപാത പുനര്‍നിര്‍മിക്കാന്‍ കരാറായി. ദേശീയപാത 66-ലെ ഉപ്പള മുതല്‍ പെര്‍വാഡ് വരെയുള്ള 12 കിലോമീറ്ററും ചട്ടഞ്ചാല്‍ മുതല്‍ നീലേശ്വരം വരെയുള്ള 31 കിലോമീറ്ററുമാണ് കരാറായത്. 16.36 കോടി രൂപയുടെതാണ് കരാര്‍. ഈ മേഖലകളില്‍ നിലവില്‍ റോഡുതന്നെ ഇല്ലാത്ത അവസ്ഥയാണ്. പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
ജില്ലാ അതിര്‍ത്തിയോട് ചേര്‍ന്ന ഉപ്പള-പെര്‍വാഡ് ഭാഗമാണ് യാത്ര ദുസ്സഹമായ രീതിയില്‍ പാടെ തകര്‍ന്നുകിടക്കുന്നത്. ഇവിടങ്ങളില്‍ പ്രതിഷേധസൂചകമായി ജനങ്ങള്‍ സംഘടിക്കുകയും ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. കുദ്രോളി കണ്‍സ്ട്രക്ഷന്‍സ് ആണ് ഇവിടെ കരാറേറ്റെടുത്തിരിക്കുന്നത്. ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ടാറിങ്ങാണ് ഇവിടെ നിര്‍ദേശിച്ചിരിക്കുന്നത്. 4.60 കോടി രൂപയുടെതാണ് കരാര്‍. എന്നാല്‍, ടെന്‍ഡര്‍ ക്ഷണിച്ചപ്പോഴുള്ള അവസ്ഥയല്ല ഇപ്പോള്‍ റോഡിന്. കരിങ്കല്‍ച്ചീളും പൊടിയുമടങ്ങിയ മിശ്രിതം വിതറി റോഡിന്റെ അടിസ്ഥാനമുണ്ടാക്കിവേണം ഇവിടെ ടാറിങ് നടത്താന്‍. അതിനുള്ള നടപടികള്‍ കരാറുകാര്‍ തുടങ്ങി. ജൂണ്‍ 20-നാണ് കാരാര്‍ തീയതി. 2016 മാര്‍ച്ചിനുമുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. ഒരുവര്‍ഷമാണ് റോഡിന്റെ ഗ്യാരന്റി കാലാവധി.
ചട്ടഞ്ചാല്‍ മുതല്‍ നീലേശ്വരം വരെയുള്ള ഭാഗത്ത് പടന്നക്കാട്, പുല്ലൂര്‍ ഭാഗങ്ങളിലാണ് റോഡ് വളരെ മോശം അവസ്ഥയിലുള്ളത്. ഇവിടെ മൊയ്തിന്‍കുട്ടി ഹാജിയാണ് കാരറേറ്റെടുത്തിട്ടുള്ളത്. 11.76 കോടിയുടെതാണ് കരാര്‍. ഇവിടെയും ബിറ്റുമിനസ് കോണ്‍ക്രിറ്റ് ടാറിങ്ങാണ്. രണ്ട് മേഖലകളിലും വളരെ മോശം അവസ്ഥയുള്ളിടത്ത് രണ്ട് പാളികളിലായി ബിറ്റുമിനസ് മെക്കാഡം ടാറിങ് നടത്തും.