ഫാത്തിമയ്ക്ക് ജീവിതം നീട്ടിക്കിട്ടാന്‍ സുമനസ്സുകള്‍ കനിയണം
Posted on: 13 Aug 2015
ഉദുമ: മൂന്നുപതിറ്റാണ്ട് കാലം നാട്ടുകാര്‍ക്ക് രുചിക്കൂട്ടൊരുക്കിയ ഫാത്തിമയുടെ കൈകളും ശരീരവും ഇപ്പോള്‍ തളര്‍ന്നിരിക്കുന്നു. ആ കൈപുണ്യം അറിഞ്ഞവരുടെ സഹായംകൊണ്ടാണ് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള തന്റെ സമയം നീട്ടിക്കിട്ടുന്നതെന്ന് ഫാത്തിമ നന്ദിയോടെ ഓര്‍ക്കുന്നു. രണ്ട് വൃക്കകളും തകരാറായി പരസഹായമില്ലാതെ എഴുന്നേല്ക്കാന് കഴിയാത്ത അവസ്ഥയിലാണ് മാങ്ങാട് കുളിക്കുന്ന കട്ടംകുഴിയിലെ വി.മൂസയുടെ ഭാര്യ ഫാത്തിമ (55). ആഴ്ചയില്‍ മൂന്നുദിവസം ഡയാലിസിസ്ചെയ്താണ് ജീവന് പിടിച്ചുനിര്‍ത്തുന്നത്. കഴിഞ്ഞദിവസം ഡയാലിസിസ് നടത്തിയശേഷം ഇനി ദിവസവും ഡയാലിസിസ് ചെയ്യണം എന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. ഒരുതവണ കാസര്‍കോട്ട് പോയി ഡയാലിസിസ് ചെയ്യാന്‍ 1500-ഓളം രൂപ വേണ്ടിവരും. മാസം 20,000 രൂപയുടെ മരുന്നുകളുംവേണം. കഴിഞ്ഞ മുപ്പതു വര്‍ഷത്തോളം ഫാത്തിമ ഈ പ്രദേശത്തെ വിവാഹവീടുകളിലും മറ്റും ബിരിയാണിയും സദ്യയും ഉണ്ടാക്കുമായിരുന്നു. സഹായിയായി ഭര്‍ത്താവ് മൂസ ഒപ്പംനിന്നു. ഈ വരുമാനംകൊണ്ടാണ് ഏക മകളെ കെട്ടിച്ചുവിട്ടത്. അന്ന് വിളമ്പിയ രുചിക്കൂട്ടു മറക്കാത്ത നാട്ടുകാര്‍ ഇപ്പോള്‍ സഹായിക്കുന്നതിനാലാണ് ഈ കുടുംബം പിടിച്ചുനില്‍ക്കുന്നത്.
രോഗിയായതോടെ നാട്ടുകാരുടെ സഹായംകൊണ്ട് മാത്രം നാള് കഴിയേണ്ട ഗതികേടിലാണ് ഫാത്തിമയുടെ കുടുംബം. അഞ്ച് സെന്റ് സ്ഥലം ഉള്‍പ്പെടെയുള്ളവ നാട്ടുകാര്‍ സൗജന്യമായി നല്കി. എഴുപത് പിന്നിട്ട മൂസ മാത്രമാണ് വീട്ടില്‍ കൂട്ടിനുള്ളത്. ഉമ്മയ്ക്കു അസുഖം കൂടുമ്പോള്‍ മകള്‍ എത്തുമെങ്കിലും അതിനു പരിമിതികളുണ്ട്. വൃക്ക മാറ്റിവെക്കുന്നതടക്കമുള്ള ചികിത്സയ്ക്ക് വേണ്ടിവരുന്ന വന്‍തുക കണ്ടെത്താന്‍ നാട്ടുകാര്‍ ജനകീയ കമ്മിറ്റിയുണ്ടാക്കി ഉദുമ എസ്.ബി.ടി.യില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍ 67210208651(IFSC Code-SBTR0000813) മൂസയുടെ ഫോണ്‍: 9400665415.