മണ്ണിന്റെ ജൈവഗുണം വീണ്ടെടുക്കാന്‍ ജൈവസേന രംഗത്ത്‌

Posted on: 13 Aug 2015നീലേശ്വരം: പച്ചിലയും ജൈവവസ്തുക്കളും വളമാക്കി മണ്ണിന് തിരിച്ചുനല്കി മണ്ണിന്റെ ജൈവഗുണം വീണ്ടെടുക്കുന്നതിന് നീലേശ്വരം നഗരസഭ ജൈവസേന രൂപവത്കരിച്ചു. ജൈവനഗരം പദ്ധതിക്ക് കീഴില്‍ 32 അംഗങ്ങളടങ്ങിയ ജൈവസേന ഒരുമാസം നഗരശുചീകരണം നടത്തും. പച്ചിലകളും ജൈവവസ്തുക്കളും വളമാക്കിമാറ്റുന്നതിന് കുടുംബശ്രീക്ക് കീഴില്‍ ജൈവകൂടാരങ്ങളൊരുക്കും. ആനച്ചാല്‍ കുടുംബശ്രീ ഗ്രൂപ്പിനാണ് ജൈവനഗരത്തിന് ആവശ്യമായ ജൈവവളം തയ്യാറാക്കാനുള്ള ചുമതല. നാടന്‍ പശുവിന്റെ ചാണകവും ജൈവവസ്തുക്കളും ഉപയോഗിച്ച് ഉണ്ടാക്കുന്ന ജൈവവളം ബ്രാന്‍ഡ്‌ചെയ്ത് വിപണിയിലറക്കാനും പദ്ധതിയുണ്ട്. 30 ടണ്‍ പച്ചിലയും ജൈവവസ്തുക്കളുമാണ് ആദ്യഘട്ടത്തില്‍ വളമാക്കിമാറ്റുക. നീലേശ്വരത്തെ ജൈവകര്‍ഷകര്‍ കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് ജൈവവള നിര്‍മാണത്തില്‍ പരിശീലനം നല്‍കും.
ജൈവസേനയുടെ ഫ്‌ലാഗ് ഓഫ് മാര്‍ക്കറ്റ് പരിസരത്തെ ജൈവോദ്യാനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.ഗൗരി നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത അധ്യക്ഷതവഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ടി.വി.അമ്പൂട്ടി, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കെ.ജാനു, കെ.കാര്‍ത്ത്യായനി, കൗണ്‍സിലര്‍ ഇ.ഷജീര്‍ നഗരസഭാ സെക്രട്ടരി എന്‍.കെ.ഹരീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി.വാസു, എന്നിവര്‍ സംസാരിച്ചു.
ജൈവസേനാംഗങ്ങള്‍ക്കുള്ള യൂണിഫോം നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഡോ. പത്മേഷണന്‍ വിതരണംചെയ്തു. ജൈവ സേനയ്ക്കുള്ള ആയുധങ്ങള്‍ ജൈവകര്‍ഷകന്‍ ഫിലിപ്പ് കൈമാറി. ജൈവനഗരത്തിന്‍കീഴില്‍ രൂപവത്കരിച്ച 40 ജെ.എല്‍.ജി. ഗ്രൂപ്പുകള്‍ 35 ഏക്കര്‍ സ്ഥലത്താണ് കൃഷി ഒരുക്കിയത്. ഇവര്‍ക്കാവശ്യമുള്ള ജൈവവളമാണ് ജൈവ സേനയുടെ പ്രവര്‍ത്തനത്തിലൂടെ ഉത്പാദിപ്പിക്കുന്നത്.

More Citizen News - Kasargod