മാലിന്യംതള്ളുകയായിരുന്ന ടിപ്പര്‍ലോറി നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി
Posted on: 13 Aug 2015
ചെര്‍ക്കള: റോഡരികില്‍ മാലിന്യംതള്ളുകയായിരുന്ന ടിപ്പര്‍ ലോറി നാട്ടുകാര്‍പിടികൂടി പോലീസിന് കൈമാറി. ചൊവ്വാഴ്ച രാത്രി പത്തരയോടെ എരുതുംകടവിനടുത്ത് ഉജംകോട്ടാണ് മാലിന്യംതള്ളുകയായിരുന്ന ലോറി പിടികൂടിയത്. എരുതുംകടവ് പാലത്തില്‍നിന്ന് പുഴയിലേക്ക് മാലിന്യംതള്ളാനുള്ള നീക്കം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിക്കൂടിയതോടെ ടിപ്പര്‍ലോറി ഉജ്ജംകോട്ട് കല്ലക്കട്ട ഭാഗത്തേക്ക് കടന്നുകളഞ്ഞു. നാട്ടുകാര്‍ ബൈക്കുകളിലും മറ്റുമായി ലോറിയെ പിന്തുടര്ന്നു. ഉജംകോട്ട് വളവില്‍ മാലിന്യംതട്ടുകയായിരുന്ന ലോറിയെ നാട്ടുകാര്‍ പിടികൂടി. ഡ്രൈവര്‍ ടി.വി. സ്റ്റേഷന് റോഡിലെ യാസിര്‍ (34) മാത്രമാണ് ലോറിയിലുണ്ടായിരുന്നത്.
ലോറിയുടമയെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തൊഴിലാളികളുമായെത്തി റോഡരികില്‍ തള്ളിയ മാലിന്യം തിരികെ കയറ്റിച്ചു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസും സ്ഥലത്തെത്തി. ലോറി സ്റ്റേഷനിലേക്ക് മാറ്റി. യാസിറിന്റെ പേരില്‍ പോലീസ് കേസെടുത്തു. കാസര്‍കോട് നഗരത്തിലെ കടകളില്‍നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ലോറിയിലുണ്ടായിരുന്നത്.