തൃക്കരിപ്പൂരില്‍ സമ്പൂര്‍ണ ഇ-സാക്ഷരതാ പ്രഖ്യാപനം ആഗസ്റ്റ് 15-ന്
Posted on: 13 Aug 2015
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് സമ്പൂര്‍ണ ഇ-സാക്ഷരതാ പ്രഖ്യാപനം 15-ന് വൈകിട്ട് അഞ്ചിന് മന്ത്രി ഡോ. എം.കെ.മുനീര്‍ നിര്‍വഹിക്കും.
കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തേതും കാസര്‍കോട് ജില്ലയില്‍ ആദ്യത്തേതുമാണ് തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത്. തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചല്‍, കരകുളം എന്നിവയാണ് സംസ്ഥാനത്ത് ഒന്നും രണ്ടും സ്ഥാനക്കാര്‍. 18നും 60നും മധ്യേ പ്രായക്കാരായ 6000-ലധികം പേരാണ് തൃക്കരിപ്പൂരില്‍ ഇ-സാക്ഷരത നേടിയത്. 13-ാം വാര്‍ഡ് ഉടുമ്പുന്തലയിലാണ് ഏറ്റവുംകൂടുതല്‍ പേര് സാക്ഷരരായത്.
സംസ്ഥാനത്ത് ആദ്യഘട്ടമെന്നനിലയില്‍ 100 പഞ്ചായത്തുകളിലാണ് ഇ-സാക്ഷരതാ പരിശീലനം നടന്നത്. ഇതില്‍ ജില്ലയില്‍ ഏഴ് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കിയത്. വിവിധ സന്നദ്ധ-സേവന സംഘടനകള്‍മുഖേന 100 മണിക്കൂറായിരുന്നു പരിശീലന കാലയളവ്. ഗ്രന്ഥശാലകള്‍, അങ്കണവാടികള്‍, തൊഴിലിടങ്ങള്‍ തുടങ്ങിയവ പരിശീലനകേന്ദ്രങ്ങളായി. ഗവ. പോളിടെക്നിക് കോളേജ് എന്‍.എസ്.എസ്. യൂണിറ്റിലെ വിദ്യാര്‍ഥികള്‍ പരിശീലനവുമായി സഹകരിച്ചു, വാര്‍ഡുതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കോ ഓര്‍ഡിനേറ്റര്‍മാരും ഇന്‍സ്ട്രക്ടര്‍മാരും പരിശീലനത്തിന് നേതൃത്വംനല്കി. കമ്പ്യൂട്ടറില്‍ അടിസ്ഥാനവിവരം നല്കലായിരുന്നു ആദ്യപടി. ഇ-മെയില്‍ അയക്കാനും സ്വീകരിക്കാനും പരിശീലിപ്പിച്ചു. തുടര്‍ന്നുവരുന്ന രണ്ടും മൂന്നും ഘട്ടങ്ങള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് നടപ്പാക്കുക.
പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, പി.വി.പദ്മജ, അഡ്വ. എം.ടി.പി.കരീം, വി.കെ.ബാവ, ടി.അബ്ദുള്ള, പി.തങ്കമണി, എം.മാലതി, ടി.വി.പ്രഭാകരന്, സി.എം.ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.