മസ്ദൂര്‍ റാങ്ക്ഹോള്‍ഡര്‍മാര്‍ വൈദ്യുതിഭവനുമുന്നില്‍ ഉപവാസസമരം നടത്തി.
Posted on: 13 Aug 2015
കണ്ണൂര്‍: വര്‍ഷങ്ങളായി സംസ്ഥാനത്ത് കെ.എസ്.ഇ.ബി. മസ്ദൂര്‍ നിയമനം മുടങ്ങിക്കിടക്കുന്നതില്‍ പ്രതിഷേധിച്ച് റാങ്ക്ഹോള്‍ഡേഴ്സ് അസോസിയേഷന് ഉപവാസസമരം നടത്തി. കണ്ണൂര്‍ വൈദ്യുതിഭവന് പരിസരത്തുനടന്ന സമരം സി.പി.എം. സംസ്ഥാനസമിതിയംഗം എം.വി.ജയരാജന് ഉദ്ഘാടനംചെയ്തു.
1877 മസ്ദൂര്‍ ഒഴിവുകള്‍ ഇന്ന് സംസ്ഥാനത്തുണ്ട്. എന്നാല്‍ വിരലിലെണ്ണാവുന്ന നിയമനങ്ങള്‍ മാത്രമേ നടത്തിയിട്ടുള്ളൂ. ഇരുപതിനായിരത്തില്‍പരം ഉപഭോക്താക്കളുള്ള ഓഫീസുകള്‍പോലും വിഭജിക്കാന്‍ തയ്യാറാവുന്നില്ല. ജോലിക്കായി കാത്തിരിക്കുന്ന യുവാക്കളെ വഞ്ചിക്കുന്നനടപടിയാണ് സര്‍ക്കാരിന്റേതെന്ന് സംഘടന ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് അനില്‍ ഏഴോം അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ഇ.വി.പുറക്കുന്ന്, സി.ഐ.ടി.യു. സംസ്ഥാന ജോ. സെക്രട്ടറി പുരുഷോത്തമന്, സുജയ പി.വി., കെ.ടി.പദ്മനാഭന്, ടി.പി.വില്‍സണ്‍, രഘുനാഥന്, എം.വി.രാജീവന്, എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് സിറാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിഷേധക്കാര്‍ വൈദ്യുതിഭവനുമുന്നില്‍ തേങ്ങയുടച്ചു. ഉപവാസ സമാപന പൊതുയോഗം വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ലക്ഷ്മണന് ഉദ്ഘാടനംചെയ്തു.