കുടുംബശ്രീ 52 ഓണച്ചന്തകള്‍ തുറക്കും
Posted on: 13 Aug 2015
കാസര്‍കോട്: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ 52 ഓണച്ചന്തകള്‍ നടത്തും. 23 മുതല്‍ 27 വരെയാണ് ഓണച്ചന്ത സംഘടിപ്പിക്കുന്നത്. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ ഉദ്പാദിപ്പിച്ച ജൈവ പച്ചക്കറികളും, അരി, തേന്‍, തേയില, കശുവണ്ടി, തുടങ്ങിയ ഭക്ഷ്യോത്പ്പന്നങ്ങളും ഓണച്ചന്തയില്‍ വിപണനംചെയ്യും. മറ്റുജില്ലകളില്‍നിന്നുള്ള കുടുംബശ്രീ അംഗങ്ങളുടെ ഉത്പ്പന്നങ്ങളും ചന്തയില്‍ വിപണനത്തിനുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. ജില്ലാതല ചന്ത പീലിക്കോട് ഗ്രാമപ്പഞ്ചായത്തിലും, ബ്ലോക്ക്തല ചന്തകള്‍ കയ്യൂര്‍, ചീമേനി, ഈസ്റ്റ് എളേരി, പള്ളിക്കര, കാറഡുക്ക, ചെമ്മനാട്, മീഞ്ച എന്നീ സ്ഥലങ്ങളിലുമാണ് നടത്തുന്നതെന്ന് ജില്ലാ കുടുംബശ്രീ മിഷന് കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക അറിയിച്ചു.