'ജീവനക്കാരുടെ കുറവ് ആര്.ടി.ഒ. ഓഫീസിലെ സേവനം മുടക്കുന്നു'
Posted on: 13 Aug 2015
കാസര്‍കോട്: ജീവനക്കാരില്ലാത്തതിന്റെ ദുരിതത്തില്‍ കാസര്‍കോട്ടെ ആര്.ടി.ഒ. ഓഫീസില്‍ സേവനം മുടങ്ങുന്നു. ലൈസന്‍സ്, ആര്.സി. മാറ്റല്‍, പെര്‍മിറ്റ് അടക്കമുള്ള വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരാണ് ദുരിതംപേറുന്നത്. 16 ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് ഒമ്പത് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇവിടെയുള്ളത്. അതിനാല്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ കൃത്യസമയത്ത് നടക്കുന്നില്ല. ഒന്നരമാസത്തെ ഫയലുകളാണ് നീങ്ങാന്‍ ബാക്കിയുള്ളത്. ആര്.ടി.ഒ. വിരമിച്ചിട്ട് മാസങ്ങള്‍കഴിഞ്ഞിട്ടും പുതിയ ആള് എത്തിയില്ല. രണ്ടുദിവസത്തിനകം എത്തുമെന്നാണ് അറിയിപ്പ് വന്നിട്ടുള്ളത്.
ഓഫീസിലെ നാല് ക്ലര്‍ക്കുമാര്‍ വര്‍ക്കിങ് അറേഞ്ച്മെന്റില്‍ പലയിടത്തായി ജോലിചെയ്യുകയാണ്. ശമ്പളം ഇവിടെയും സേവനം വേറൊരു സ്ഥാപനത്തിലുമായതിനാല് ദുരിതത്തിലായത് ജനങ്ങളാണ്. രണ്ട് അറ്റന്‍ഡര്‍മാരില്‍ ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു ക്ലര്‍ക്ക് മെഡിക്കല്‍ അവധിയിലാണ്. നിലവിലുള്ള ഒമ്പത് ക്ലര്‍ക്കുമാരില്‍ മൂന്നുപേര്‍ മാത്രമാണ് മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവര്‍. ബാക്കി ആറുപേര്‍ മൂന്നുവര്ഷത്തില്കീഴെ സര്‍വീസുള്ളവരാണ്. ആറുമാസമായി ഓഫീസില്‍ ടൈപ്പിസ്റ്റ് ഇല്ലാത്തതുകാരണം ജോലിഭാരം ബാക്കിയുള്ളവര്‍ക്കാണ്. ഇത് ഫയലുകല്‍ നീങ്ങാന്‍ സമയമെടുക്കുന്നു.
കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലാകുന്നത് പതിവായത് മറ്റൊരു ദുരിതമാണ്. തകരാറ് പരിഹരിക്കാന്‍ ആവശ്യത്തിന് ജീവനക്കാരുമില്ല. നിലവില്‍ ഒരു അസി. സിസ്റ്റം സൂപ്പര്‍വൈസര്‍ മാത്രമെ ഉള്ളൂ. മൂന്നുപേരാണ് വേണ്ടത്. മൂന്ന് ആര്.ടി.ഒ. ചെക്പോസ്റ്റുകളിലെ കമ്പ്യൂട്ടര്‍ സംവിധാനം പരിശോധിക്കേണ്ടതും ഈ ഒരാള്‍ മാത്രമാണ്. ലൈസന്‍സ് ലഭിക്കുന്നത് സംബന്ധിച്ച ആവശ്യങ്ങള്ക്കായെത്തിയവര് ഓഫീസില്‍ ബഹളംെവച്ചത് പല ദിവസങ്ങളിലും സംഘര്‍ഷം ഉണ്ടാക്കി.