കേരളത്തില്‍ രണ്ട് ചരിത്രപൈതൃകങ്ങള്‍ കൂടി സംരക്ഷിത സ്മാരകമാക്കാന് നിര്‍ദേശം
Posted on: 13 Aug 2015
കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അനുമതിക്ക് കാസര്‍കോടിന് കടമ്പകളേറെ
കാസര്‍കോട്: കേന്ദ്ര പുരാവസ്തു വകുപ്പിന് (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ) കീഴില്‍ കാസര്‍കോട്ടെ ചരിത്രപൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിന് കടമ്പകളേറെ. കസര്‍കോട്ടെ കോട്ടകളില്‍ പലതിലും കൈയേറ്റം നടന്നതിനാല്‍ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നിയമാവലി പ്രാവര്‍ത്തികമാക്കാന്‍ നീണ്ട സമയമെടുക്കും. എ.എസ്.ഐ.യുടെ നിയമാവലിപ്രകാരം മാത്രമെ സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളു. പുരാവസ്തു സംബന്ധമായ മറ്റുനിബന്ധനകള്ക്കുപുറമെ കേരള സര്‍ക്കാറിന്റെ എതിര്‍പ്പില്ലാരേഖയും വേണം. ഒപ്പം നിലവിലുള്ള കൈവശക്കാരുടെ എന്‍.ഒ.സി.യും നിര്‍ബന്ധം. ൈകയേറ്റം ഉള്‍പ്പെടെയുള്ളവ വേഗത്തില്‍ നീക്കി ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയാല്‍ മാത്രമെ എ.എസ്.ഐ. ഏറ്റെടുക്കാനുള്ള പ്രാംരഭനടപടി തുടങ്ങൂ. കാസര്‍കോട് ജില്ലയിലെ കോട്ടകള്‍ ഉള്‍പ്പെടെയുളള ചരിത്രസ്മാരകങ്ങള്‍ കേന്ദ്ര പുരാവസ്തു വകുപ്പിന് കൈമാറുന്നതിന് ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തൃശൂര്‍ സര്‍ക്കിളിനുകീഴില്‍ കോട്ടകള്‍, കൊട്ടാരങ്ങള്‍, ആരാധനാലയങ്ങള്‍, പെയിന്റിങ്ങുകള്‍ അടക്കം 27 സ്മാരകങ്ങള്‍ സംരക്ഷിക്കുന്നുണ്ട്. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ ഉള്‍പ്പെടെ തമിഴ്നാട്ടിലെ പത്ത് ചരിത്ര പൈതൃകങ്ങളും തൃശൂര്‍ സര്‍ക്കിളിന് കീഴിലുണ്ട്. സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റേത് ഉള്‍പ്പെടെ കേരളത്തില്‍ 198 ചരിത്ര പൈതൃകങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്.
കേരളത്തില്‍ രണ്ട് ചരിത്ര സൂക്ഷിപ്പുകള്‍ ഏറ്റെടുക്കാന്‍ പുതിയ നിര്‍ദേശം വകുപ്പ് കേന്ദ്ര സര്‍ക്കാറിന് കൈമാറി. വയനാട് ജില്ലയിലെ പനമരത്തെ വിഷ്ണു ടെമ്പിളിന്റെ പ്രാഥമിക സര്‍വേ പൂര്‍ത്തിയായതായി എ.എസ്.ഐ. ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്‍ക്കിയോളജിക്കല്‍ കെമിസ്റ്റ് ഡോ. എല്‍.രാജേശ്വരി പറഞ്ഞു. പനമരത്തുതന്നെയുള്ള ജനാര്‍ദന ടെമ്പിളിന്റെതാണ് മറ്റൊരു നിര്‍ദേശം. സംരക്ഷിക്കപ്പെടേണ്ട ചരിത്രപൈതൃകങ്ങളുടെ പുതിയ നിര്‍ദേശങ്ങള്‍ ജില്ലകളില്‍നിന്ന് എ.എസ്.ഐ.ക്ക് ലഭിച്ചിട്ടില്ല.
ബേക്കല്‍ കോട്ട, തലശ്ശേരി കോട്ട, കണ്ണൂര്‍ സെന്റ്. ഏയ്ഞ്ചലോ കോട്ട, പാലക്കാട് കോട്ട, സുല്‍ത്താന്‍ ബത്തേരി ജയിന് ടെമ്പിള്‍, കൊച്ചി മട്ടാഞ്ചേരി കൊട്ടാരം, തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ മ്യൂറല്‍ പെയിന്റിങ് അടക്കമുള്ളവയാണ് കേന്ദ്ര പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്നവയില്‍ പ്രധാനം. ഇതില്‍ കാസര്‍കോട്ടെ ബേക്കല്‍കോട്ട ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തിയ ഏക കോട്ടയാണ്. കൊച്ചി മട്ടാഞ്ചേരി പാലസിലെ മ്യൂസിയത്തിന് ടിക്കറ്റ് സംവിധാനം ഉണ്ട്. സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ വകുപ്പ് സംസ്ഥാനത്ത് 171 ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നുണ്ട്.