കര്‍ക്കടക വാവ്; പിതൃതര്‍പ്പണത്തിനൊരുങ്ങി തൃക്കണ്ണാട് ക്ഷേത്രം

Posted on: 13 Aug 2015കാസര്‍കോട്: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ കര്‍ക്കടകവാവ് ദിവസമായ വെള്ളിയാഴ്ച പിതൃതര്‍പ്പണം നടത്തുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പിതൃതര്‍പ്പണത്തിനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതിനാല്‍ സൗകര്യങ്ങള്‍ കൂട്ടിയിട്ടുണ്ട്. 20 ബലിത്തറയാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. അവശതയനുഭവിക്കുന്നവര്‍ക്ക് അധികസമയം കാത്തുനില്ക്കാതെ ബലിതര്‍പ്പണം നടത്തുന്നതിന് പ്രത്യേക പാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രഓഫീസുമായി ബന്ധപ്പെട്ടാല്‍ പാസ് ലഭിക്കും. നടരാജമണ്ഠത്തിലാണ് ഇത്തവണ തീര്‍ഥപ്രസാദം നല്കുക. രാവിലെ ആറിനാരംഭിക്കുന്ന പിതൃതര്‍പ്പണച്ചടങ്ങുകള്‍ക്ക് രാജേന്ദ്ര അളിത്തായ കാര്‍മികത്വംവഹിക്കും. സമുദ്രസ്‌നാനഘട്ടത്തില്‍ ലൈഫ്ജാക്കറ്റുള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി കോസ്റ്റ്ഗാര്‍ഡും കോസ്റ്റല്‍ പോലീസും ഉണ്ടാകും. യാത്രാസൗകര്യത്തിന് കെ.എസ്.ആര്‍.ടി.സി.യുടെ അധികസര്‍വീസുകളും ഏര്‍പ്പെടുത്തും.
ചെയര്‍മാന്‍ വി.ബാലകൃഷ്ണന്‍ നായര്‍, ട്രസ്റ്റിമാരായ ശ്രീവത്സന്‍ നമ്പ്യാര്‍, ബാലകൃഷ്ണന്‍ നായര്‍, പി.ജയാനന്ദന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ.വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod