തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ മുസ്ലിം ലീഗ്
Posted on: 12 Aug 2015
കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് മുസ്ലിം ലീഗ് കാസര്‍കോട് നേതൃത്വം. കാസര്‍കോട്ട് ഇക്കുറി പരമാവധി സീറ്റുകളില്‍ പാര്‍ട്ടിസ്ഥാനാര്‍ഥികളെ വിജയിപ്പിച്ചെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ നല്കാന് നേതൃയോഗം തീരുമാനിച്ചു. മുഴുവന്‍ പ്രവര്‍ത്തകസമിതിയംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. പഞ്ചായത്ത്വിഭജനം ഹൈക്കോടതി റദ്ദാക്കിയത് പരിഗണിച്ച് ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഏത് സാഹചര്യത്തിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സജ്ജമാവണമെന്നും കൂടുതല്‍ പഞ്ചായത്തുകളും വാര്‍ഡുകളും പിടിച്ചെടുക്കാന്‍ ശാസ്ത്രീയ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും നേതൃയോഗം നിര്‍ദേശിച്ചു. 30-ന് മുമ്പ് മണ്ഡലം, മുനിസിപ്പല്‍ കണ്‍വെന്‍ഷനുകളും അതിനുശേഷം പഞ്ചായത്ത്തല കണ്‍വെന്‍ഷനുകളും വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു.
ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി നേതൃയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷതവഹിച്ചു. എം.സി.ഖമറുദ്ദീന്, എ.അബ്ദുല്‍ റഹിമാന്‍, സി.ടി.അഹമ്മദലി, ടി.പി.എം.സാഹിര്‍, ഹമീദലി ഷംനാട്, എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുല്‍ റസാഖ്, പി.മുഹമ്മദ്കുഞ്ഞി, കല്ലട്ര മാഹിന്‍ ഹാജി എന്നിവര്‍ സംസാരിച്ചു.