സാങ്കേതികവിദ്യ ഉപദേശകസമിതിയോഗം; മഹാളിക്കും ദ്രുതവാട്ടത്തിനും സാധ്യതയെന്ന് കാര്‍ഷിക ശാസ്ത്രജ്ഞര്‍
Posted on: 12 Aug 2015
കാസര്‍കോട്: അന്തരീക്ഷ ഊഷ്മാവ് കുറയുകയും മഴശക്തിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കവുങ്ങിന് മഹാളിയും കുരുമുളകിന് ദ്രുതവാട്ടവും തെങ്ങിന് കൂമ്പുചീയലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സാങ്കേതികവിദ്യ ഉപദേശക സമിതിയോഗം. പടന്നക്കാട് കാര്‍ഷിക കോളേജില്‍ നടന്ന സമിതിയുടെ യോഗത്തിലാണ് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ്. ആവശ്യത്തിന് മഴ ആരംഭത്തില്‍ ലഭിക്കാത്തതിനാല്‍ നെല്ലിന്റെ പറിച്ചുനടല്‍ ജില്ലയില്‍ എല്ലായിടത്തും വൈകിയിട്ടുണ്ട്. തെങ്ങിന്റെ തഞ്ചാവൂര്‍ വാട്ടം, വാഴയുടെ തടതുരപ്പന്‍ പുഴു, ചെമ്പന്‍ ചെല്ലി, കുരുമുളകിന്റെ കുറഞ്ഞ തിരിയിടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പല ബ്ലോക്കുകളിലും കണ്ടെത്തിയിട്ടുണ്ട്. കാറഡുക്ക ബ്ലോക്കില്‍ ഇഞ്ചിയുടെ മൂട്ചീയല്‍, തെങ്ങിനും വാഴയ്ക്കും ബോറോണിന്റെ അഭാവം തുടങ്ങിയവ കാണപ്പെടുന്നുണ്ട്.
കാസര്‍കോട് ബ്ലോക്കില്‍ കവുങ്ങിന്റെ കുലകരിച്ചിലും, മണി പൊഴിച്ചിലും വ്യാപകമാണ്. ഉദുമ പഞ്ചായത്തില്‍ ചെന്നീരൊലിപ്പിനെതിരെ ട്രൈക്കോഡര്‍മ എതിര്കുമിള് തടിയില്‍ തേച്ചുപിടിപ്പിക്കുന്ന സമ്പ്രദായം വളരെ ഗുണകരമാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. യോഗത്തില്‍ കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. എം.ഗോവിന്ദന്, പ്രൊഫ. ഡോ. പി.ആര്.സുരേഷ്, ഡോ. കെ.എം.ശ്രീകുമാര്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ കെ.ശിവരാമകൃഷ്ണന്, ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ജോണ്‍ അലക്സ്, ഡോ. ജി.ജയപ്രകാശ്, സി.പി.സി.ആര്.ഐ. കൃഷിവിഞ്ജാനകേന്ദ്രം ചീഫ് ടെക്നിക്കല്‍ ഓഫീസര്‍, ഡോ. ലീന, റബര്‍ ബോര്‍ഡ് അസി. ഡയറക്ടര്‍ കെ.മോഹനന്, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.