വാട്ട്സ് ആപ്പ് കൂട്ടായ്മ ദേശീയപാത മാര്‍ച്ച് നടത്തി
Posted on: 11 Aug 2015
കുമ്പള: ദേശീയപാതയുടെ തകര്‍ച്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വാട്ട്സ് ആപ്പ് കൂട്ടായ്മ ദേശീയപാത മാര്‍ച്ച് സംഘടിപ്പിച്ചു. കുമ്പള ദേശീയപാത കര്‍മസമിതി വാട്ട്സ് ആപ്പ് ഗ്രൂപ്പാണ് മാര്‍ച്ച് നടത്തിയത്. പെര്‍വാഡ് മുതല്‍ ഷിറിയവരെ ദേശീയപാത പൂര്‍ണമായും തകര്‍ന്നെന്നും നിര്‍മാണത്തിലെ അപാകമാണ് തകര്‍ച്ചയ്ക്ക് കാരണമെന്നും കൗണ്‍സില്‍ ആരോപിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കൂട്ടായ്മ അധികൃതരോടാവശ്യപ്പെട്ടു.
തിങ്കളാഴ്ച രാവിലെ ആരിക്കാടിയില്നിന്നാരംഭിച്ച മാര്‍ച്ച് നാലുകിലോമീറ്ററോളം സഞ്ചരിച്ച് കുമ്പള ടൗണില്‍ സമാപിച്ചു. ആരിക്കാടിയില്‍ ഡോ. ദാമോദരന്‍ ഉദ്ഘാടനംചെയ്തു. കെ.എഫ്.ഇക്ബാല്‍, കെ.രാമകൃഷ്ണന്, അബ്ദുള്‍ലത്തീഫ്, ആരിഫ് മൊഗ്രാല്‍, ഹനീഫ മൊഗ്രാല്‍, അഫ്സല്, സിദ്ദിഖ്, മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.