സി.പി.എം. ജനകീയപ്രതിരോധം ഇന്ന്‌

Posted on: 11 Aug 2015



കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ സി.പി.എമ്മിന്റെ ജനകീയപ്രതിരോധം ചൊവ്വാഴ്ച നടക്കും. ഉപ്പളയിലെ മഞ്ചേശ്വരം താലൂക്ക് ഓഫീസിന് മുന്നില്‍നിന്നാരംഭിക്കുന്ന ജനകീയപ്രതിരോധം 67 കിലോമീറ്റര്‍ നീളത്തില്‍ കാലിക്കടവിലെ ജില്ലാ അതിര്‍ത്തിവരെ തുടരും. ചൊവ്വാഴ്ച വൈകിട്ട് നാലുമണി മുതല്‍ അഞ്ചുമണി വരെയാണ് ജനകീയപ്രതിരോധത്തിന്റെ ഭാഗമായുള്ള ധര്‍ണ നടക്കുക. പ്രധാനകേന്ദ്രങ്ങളില്‍ നാലുമണിക്ക് പൊതുയോഗങ്ങള്‍ ആരംഭിക്കും. 4.50-ന് ധര്‍ണയിലുള്ളവര്‍ കൈകോര്‍ത്തുപിടിച്ച് പ്രതിജ്ഞയെടുക്കും. അഞ്ചുമണിക്ക് പരിപാടി അവസാനിക്കും.
മഞ്ചേശ്വരം ഉപ്പളയിലെ താലൂക്ക് ഓഫീസിന് മുമ്പില്‍ ജനകീയപ്രതിരോധം ആരംഭിക്കുന്ന കേന്ദ്രത്തില്‍ പി.ബി. അംഗം എസ്.രാമചന്ദ്രന്‍പിള്ള സംബന്ധിക്കും. കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരന്‍ എം.പി. കാസര്‍കോട്ടും ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ ഉപ്പളയിലും പങ്കെടുക്കും.
ഉപ്പളയില്‍നിന്ന് കാസര്‍കോടുവരെ ദേശിയപാതയിലും കാസര്‍കോടുമുതല്‍ കാഞ്ഞങ്ങാടുവരെ ചന്ദ്രഗിരി സംസ്ഥാനപാതയിലും കാഞ്ഞങ്ങാടുമുതല്‍ കാലിക്കടവുവരെ വീണ്ടും ദേശീയപാതയിലുമാണ് പ്രവര്‍ത്തകര്‍ അണിനിരക്കുക.

More Citizen News - Kasargod