മലയോര ഹൈവേ: കര്‍മസമിതി ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കാണും

Posted on: 11 Aug 2015



രാജപുരം: നിര്‍ദിഷ്ട മലയോര ഹൈവേ വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനവുമായി ബന്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കര്‍മസമിതി ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കാണും. നന്ദാരപദവ്-ചെറുപുഴ മലയോര ഹൈവേ റൂട്ട് നന്ദാരപദവില്‍നിന്ന് തുടങ്ങി പടുപ്പ്, ആനക്കല്ല്, മാലക്കല്ല്, രാജപുരം, ബളാല്‍, വെള്ളരിക്കുണ്ട്, മാലോം, വള്ളിക്കടവ്, കാറ്റാംകവല, ചിറ്റാരിക്കാല്‍, ചെറുപുഴ എന്നരീതിയില്‍ പുനര്‍നിര്‍ണയിക്കണമെന്നാശ്യപ്പെട്ട് രാജപുരത്ത് രൂപവത്കരിച്ച കര്‍മസമിതിയുടെ നേതൃത്വത്തിലാണ് 18-ന് മുഖ്യമന്ത്രിയെ കാണുന്നത്.
ആദ്യഘട്ടത്തില്‍ ഈ റൂട്ടാണ് സര്‍ക്കാറിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നതെന്നും എന്നാല്‍ 2001-ല്‍ നാറ്റ്പാക് പടുപ്പ് മുതല്‍ മാലക്കല്ലുവരെയുള്ള ദൂരം തെറ്റായാണ് കണക്കാക്കിയതെന്നും കര്‍മസമിതി ആരോപിച്ചു. നിലവില്‍ നാറ്റ്പാക് മാലക്കല്ല്, ആനക്കല്ല് റോഡ് ഒഴിവാക്കി വിജനപ്രദേശങ്ങളിലൂടെ റൂട്ട് നിര്‍ണയിച്ചത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവും അപ്രായോഗികവുമാണെന്നും യോഗം വിലയിരുത്തി.
കര്‍മസമിതി ഭാരവാഹകിളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ 13-ന് നന്ദാരപദവ് മുതല്‍ ചെറുപുഴവരെയുള്ള മലയോരഹൈവേ റൂട്ട് നിര്‍ണയ പഠനയാത്ര നടത്താനും യോഗം തീരുമാനിച്ചു.
രാജപുരം ഫൊറോന വികാരി ഫാ. ഷാജി വടക്കേതൊട്ടി അധ്യക്ഷതവഹിച്ചു. കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീലാമ്മ ജോസ് ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗങ്ങളായ അബ്രഹാം കടുതോടി, എം.ശങ്കരനാരായണന്‍, മലയോര വികസനസമിതി സെക്രട്ടറി ജോസഫ് കനകമൊട്ട, എം.സി.എ.ലത്തീഫ്, വി.കുഞ്ഞിക്കണ്ണന്‍, കെ.കെ.ജെന്നി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod