കുടുംബശ്രീ സി.ഡി.എസ്. അക്കൗണ്ടന്റുമാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനം
Posted on: 11 Aug 2015
കാസര്‍കോട്: വേതനം വര്‍ധിപ്പിക്കാമെന്ന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടും കുടുംബശ്രീ സി.ഡി.എസ്. അക്കൗണ്ടന്റുമാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത് തുച്ഛമായ ശമ്പളം. കുടുംബശ്രീ മിഷനില്‍ തന്നെ ഏറ്റവും കുറവ് വേതനം ലഭിക്കുന്ന വിഭാഗമാണ് അക്കൗണ്ടന്റുമാര്‍. നിലവില്‍ ആറായിരം രൂപയാണ് ഇവരുടെ ശമ്പളം. ഇത് 15,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് ജില്ലയിലെ സി.ഡി.എസ്. അക്കൗണ്ടന്റുമാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
2009 മുതല്‍ കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന ഇവര്‍ക്ക് പ്രതിമാസ വേതനം 10,000 രൂപയാക്കി വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചെങ്കിലും ഈ ശുപാര്‍ശ ധനവകുപ്പ് തള്ളി. പിന്നീട് 8000 രൂപയാക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും രണ്ട് വര്‍ഷമായിട്ടും ഒന്നും നടന്നില്ല. ജില്ലയില്‍ വിവിധ സി.ഡി.എസ്സുകളിലായി 42 പേര് അക്കൗണ്ടന്റുമാരായി ജോലി ചെയ്യുന്നു. ബി.കോം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് ഇവരുടെ യോഗ്യത. അക്കൗണ്ടിങ് ജോലിക്ക് പുറമെ കുടുംബശ്രീ പദ്ധതിയുടെ ഭാഗമായ ക്ലസ്റ്റര്‍ മീറ്റിങ് പോലുള്ളവ നടത്തേണ്ടതും ഇവരാണ്. 2014 നവംബറില്‍ ഇവരുടെ കരാര്‍ അവസാനിച്ചെങ്കിലും പുതുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി അടക്കമുള്ളവരെ വീണ്ടും സമീപിക്കാന്‍ ഒരുങ്ങുകയാണിവര്‍. സി.ഡി.എസ്. അക്കൗണ്ടന്റുമാരായ രമ്യ, രാജേഷ്, ബിബീഷ്, ഉദയകുമാര്‍, മമത, സഹീദമോള് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.