ചിറ്റാരിക്കാല്‍ ബസ്സ്റ്റാന്‍ഡ് നിര്‍മാണം നിര്‍ത്തിവെച്ചു
Posted on: 10 Aug 2015
ചിറ്റാരിക്കാല്‍: ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് ആസ്ഥാനമായ ചിറ്റാരിക്കാലില്‍ നിര്‍മാണം പുരോഗമിക്കുന്ന ബസ്സ്റ്റാന്‍ഡിന്റെ നിര്‍മാണം നിര്‍ത്തിവച്ചതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തന്മാക്കല് അറിയിച്ചു. ബസ്സ്റ്റാന്‍ഡിന്റെ നിര്‍മാണം തടയാന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഗസ്റ്റ്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം ആളുകള്‍ ശ്രമിച്ചതിനാലാണ് പണി നിര്ത്തിവെയ്ക്കുന്നതെന്ന് ജയിംസ് പന്തന്മാക്കല് അറിയിച്ചു. നാലുകോടിയോളം മുടക്കി നിര്‍മിക്കുന്ന ബസ്സ്റ്റാന്‍ഡിന്റെ ഒന്നാംഘട്ടം ആഗസ്ത് അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനിരിക്കുന്നതിനിടെയാണ് നിര്‍മാണം നിര്‍ത്തിവെച്ചത്.
തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയുമായി ബസ്സ്റ്റാന്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. പഞ്ചായത്ത്് സെക്രട്ടറിക്കെതിരെ പള്ളി അധികാരികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഞായറാഴ്ച രാവിലെ ബസ്സ്റ്റാന്‍ഡ് നിര്‍മാണം തടസ്സപ്പെടുമെന്ന പ്രചാരണവുമുണ്ടായിരുന്നു. ബസ്സ്റ്റാന്‍ഡ് നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട്് വീണ്ടും വിവാദങ്ങളുണ്ടായത് കോണ്‍ഗ്രസിലെ വിഭാഗീയതയുടെ ഭാഗമാണെന്നും ആക്ഷേപമുണ്ട്. നിര്‍മാണം നടത്തരുതെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഗ്രാമപ്പഞ്ചായത്ത് അംഗവുമായ അഗസ്റ്റ്യന്‍ ജോസഫ് ആവശ്യപ്പെട്ടതോടെയാണ് നിര്‍മാണം നിര്‍ത്തിവെയ്ക്കുന്നതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചത്. ചിറ്റാരിക്കാലിന്റെ വികസനക്കുതിപ്പ് തടയാന്‍ ശ്രമിക്കുന്നവരാണ് ബസ്സ്റ്റാന്‍ഡ് നിര്‍മാണപ്രവൃത്തിക്കെതിരെ നിലകൊള്ളുന്നതെന്ന് ജയിംസ് പന്തന്മാക്കല് പറഞ്ഞു.
തോമാപുരം സെന്റ് തോമസ് ഫൊറോന പള്ളിയുടെ സ്ഥലം സംരക്ഷിക്കുന്ന നിലപാട് മാത്രമാണ് പള്ളിക്കുള്ളതെന്നും വികസനത്തിന് പള്ളി എതിരല്ലെന്നും വികാരി ഫാ. അഗസ്റ്റ്യന്‍ പാണ്ഡിയേന്മാക്കല്‍ പറഞ്ഞു. പള്ളിയുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഈ വിഷയത്തില്‍ ഇടപെട്ടതെന്നും ഒരു ദിവസത്തേക്ക് മാത്രം ബസ്സ്റ്റാന്‍ഡ് നിര്‍മാണപ്രവൃത്തി നിര്‍ത്തിവെയ്ക്കാനാണ് ആവശ്യപ്പെട്ടതെന്നും അഗസ്റ്റ്യന്‍ ജോസഫ് പറഞ്ഞു.