പാമ്പങ്ങാനം ചെക്ഡാം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വീണ്ടും ഉദ്ഘാടനംചെയ്തു
Posted on: 10 Aug 2015
നീലേശ്വരം: ശനിയാഴ്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനംചെയ്ത ചെക്ഡാം കം ബ്രിഡ്ജ് ഞായറാഴ്ച വീണ്ടും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനംചെയ്തു. കിനാനൂര്‍-കരിന്തളം ഗ്രാമപ്പഞ്ചായത്തിലെ ബിരിക്കുളം പാമ്പങ്ങാനത്താണ് ഒരേപദ്ധതി രണ്ടുദിവസങ്ങളിലായി ഉദ്ഘാടനം ചെയ്തത്.
ആഗസ്ത് 14-ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെക്കൊണ്ട് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, മന്ത്രിയുടെ അസൗകര്യം കാരണം അന്ന് ഉദ്ഘാടനം നടക്കുന്നതിന് തടസ്സമായി. അതിനിടയില്‍ കിനാനൂര്‍- കരിന്തളം പഞ്ചായത്തിന് നേതൃത്വം നല്കുന്ന സി.പി.എം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനുള്ള നീക്കം നടത്തി. അതിനിടെ, ശനിയാഴ്ച രാവിലെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണനും കോണ്‍ഗ്രസ് നേതാക്കളും പാമ്പങ്ങാനത്തെത്തി ഉദ്ഘാടനം ചെയ്യുകയും പാലം തുറന്നുകൊടുക്കുകയുംചെയ്തു. ഞായറാഴ്ച വൈകുന്നേരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ചെക്ഡാം കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു. മുന്‍കൂട്ടി വിവരമറിയിച്ച് നടത്തിയ ഉദ്ഘാടനച്ചടങ്ങില്‍ വന്‍ ജനാവലി പങ്കെടുത്തു. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പദ്ധതി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനംചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്ന സി.പി.എം. നിലപാടാണ് വീണ്ടും മറ്റൊരു ഉദ്ഘാടനം അരങ്ങേറാന്‍ ഇടയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. ടി.കെ.രവി, പി.പത്മനാഭന്, പി.വി.ചന്ദ്രന്, എം.ലക്ഷ്മി, കെ.ഭാസ്കരന്, ടി.എ.രവീന്ദ്രന്, എം.ദിനേശന് എന്നീ സി.പി.എം. നേതാക്കള്‍ സംസാരിച്ചു.