കഞ്ചാവ് വിതരണക്കാരെ തേടി തൃക്കരിപ്പൂരില്‍ എക്‌സൈസ് റെയ്ഡ്

Posted on: 10 Aug 2015തൃക്കരിപ്പൂര്‍: കഞ്ചാവ് വില്പനക്കാരുടെ കണ്ണികള്‍ തൃക്കരിപ്പൂരില്‍ വേരുറപ്പിക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് നീലേശ്വരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.മാലിക്കിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പരിശോധന നടത്തി. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പാക്കറ്റുകളില്‍ കഞ്ചാവ് തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതായ വിവരം അറിഞ്ഞാണ് എക്‌സൈസ് സംഘം തൃക്കരിപ്പൂരില്‍ എത്തിയത്. ഒരു മണിക്കൂറിലധികം പരിശോധന നടത്തി.
കഞ്ചാവ് ഉപയോഗം തൃക്കരിപ്പൂരിലും പരിസരങ്ങളിലും വര്‍ധിക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നീലേശ്വരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മാലിക് അറിയിച്ചു. എക്‌സൈസ് സംഘം രണ്ടാം തവണയാണ് തൃക്കരിപ്പൂരില്‍ പരിശോധനയ്ക്കായി എത്തുന്നത്. ഉള്‍പ്രദേശങ്ങള്‍, ഒഴിഞ്ഞ കെട്ടിടങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവിന്റെ വില്പനയും ഉപയോഗവും നടക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തും.
എം.വി.ബാബുരാജ്, എ.വി.രാജീവന്‍, സി.കെ.വി.സുരേഷ്, കെ.പ്രസാദ്, പി.മനോജ് കുമാര്‍, പി.രാജീവന്‍ എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്കിയത്. മംഗളൂരു, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ നിന്നാണ് ചെറുതും വലുതുമായ പാക്കറ്റുകളില്‍ തൃക്കരിപ്പൂരില്‍ കഞ്ചാവ് എത്തുന്നത്. കാരിയര്‍മാരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ഓണക്കാലത്തെ മദ്യവേട്ടക്കൊപ്പം തന്നെ കഞ്ചാവ് വിതരണവും തടയുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

More Citizen News - Kasargod