ഉറ്റസുഹൃത്തുക്കള്‍ മരണത്തിലും ഒരുമിച്ച്
Posted on: 09 Aug 2015
ഉദുമ: ഊട്ടുപുരയിലെത്തിയ ഭക്തര്‍ക്ക് മുഴുവന്‍ അന്നംവിളമ്പിക്കഴിഞ്ഞ് പാത്രങ്ങള്‍ കഴുകിവെച്ചശേഷം ഉറ്റസുഹൃത്തുക്കള്‍ പോയത് മരണത്തിലേക്ക്... ശനിയാഴ്ച വൈകിട്ട് മുക്കുന്നോത്ത് സ്വകാര്യവ്യക്തിയുടെ കുളത്തില്‍ മുങ്ങിമരിച്ച സുമോദും അക്ഷയും ഉറ്റസുഹൃത്തുക്കളായിരുന്നു. തൊട്ടടുത്തുള്ള ബാര മുക്കുന്നോത്ത്കാവ് ഭഗവതിക്ഷേത്രത്തില്‍ ശനിയാഴ്ച ഭഗവതിസേവയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് അന്നദാനവും ഏര്‍പ്പെടുത്തിയിരുന്നു. അന്നദാനത്തിന് ഭക്ഷണം വിളമ്പാന്‍ സുമോദും അക്ഷയും ആദ്യാവസാനം ഉണ്ടായിരുന്നു. അക്ഷയിന്റെ വീടിന്റെ തൊട്ടടുത്തുള്ള ക്വാര്‍ട്ടേഴ്സിലാണ് സുമോദ് താമസിക്കുന്നത്. വീട്ടിലെത്തിയശേഷം ഇരുവരും കുളിക്കാനായി ഇറങ്ങി. ഒപ്പം എട്ടാംക്ലാസില്‍ പഠിക്കുന്ന മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. മൂന്നുപേര്‍ക്കും നീന്തല്‍ വശമില്ലായിരുന്നു. മുമ്പെല്ലാം ഇവര്‍ കുളിക്കുന്നത് മുക്കുന്നോത്തെ തോട്ടിലായിരുന്നു. ശനിയാഴ്ച കുളത്തിലേക്കുപോയതിനാല് എട്ടാംക്ലാസുകാരന് കുളിക്കാനിറങ്ങിയില്ല. കുളിക്കുന്നതിനിടയില്‍ ചേട്ടന്മാര് അപകടത്തില്‍പ്പെട്ടതോടെ കുട്ടി ഓടിപ്പോയി അടുത്തുതാമസിക്കുന്നവരോട് വിവരം പറഞ്ഞു. ഇവര്‍ മുക്കുന്നോത്ത് ക്ഷേത്രത്തിലേക്ക് വിവരം അറിയിച്ചതോടെ കൂടുതല്‍ ആള്‍ക്കാരെത്തി. ഇതിനിടയില്‍ ഒരു യുവാവ് കുളത്തില്‍ച്ചാടി ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അഗ്നിരക്ഷാസേനയിലെ അംഗങ്ങളാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. രണ്ട് വീട്ടുകാര്‍ക്കും ഉണ്ടായിരുന്ന ആണ്തരികളാണ് അകാലത്തില്‍ നഷ്ടമായത്. ഇരുവരും മുക്കുന്നോത്ത് സര്‍ഗധാര കലാവേദിയുടെ പ്രവര്‍ത്തകരായിരുന്നു. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍നടപടികള്‍ക്കായി മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.