ഉമിച്ചി-കോട്ടക്കുന്ന്-ആനക്കല്ല് റോഡ് തകര്‍ന്നു

Posted on: 09 Aug 2015മടിക്കൈ: മടിക്കൈ, കിനാനൂര്‍-കരിന്തളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉമിച്ചി-കോട്ടക്കുന്ന്-ആനക്കല്ല് റോഡുകളില്‍ വാഹന ഗതാഗതം ദുഷ്‌കരമായി.
കിനാന്നൂര്‍-കരിന്തളം പഞ്ചായത്തില്‍ ചാലിന് രണ്ട് പാലങ്ങളും ടാറിങ്ങും ഏകദേശം പൂര്‍ത്തിയായപ്പോള്‍ മടിക്കൈ ഭാഗത്തെ റോഡുകളാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്.
ഉമിച്ചി-കോട്ടക്കുന്ന് റോഡ് ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരമുണ്ട്. 1998-99 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാട്ടുകാരുടെ സഹായത്തോടെ 600 മീറ്ററോളം സോളിങ്ങും 300 മീറ്ററോളം ടാറിങ്ങുമാണ് പൂര്‍ത്തിയാക്കിയത്. സോളിങ് നടന്ന ഭാഗവും കുണ്ടും കുഴിയുമാണ്. 650 മീറ്റര്‍ സോളിങ്ങും ഒരു കിലോമീറ്ററോളം ടാറിങ്ങുമാണ് മടിക്കൈ ഭാഗത്ത് ബാക്കിയുള്ളത്. കിനാനൂര്‍-കരിന്തളം ഭാഗത്ത് 150 മീറ്റര്‍ ടാറിങ് ബാക്കിയാണ്.
ഉമിച്ചി-ആനക്കല്ല് ലിങ്ക് റോഡില്‍ 350 മീറ്ററോളം സോളിങ്ങും ടാറിങ്ങും ബാക്കിയാണ്. ഈ റോഡില്‍ കിനാനൂര്‍-കരിന്തളം ഭാഗം പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ മുഴുവനായും പണിതിരുന്നു.
റോഡിന്റെ ശോച്യാവസ്ഥ മാറ്റാന്‍ പലതവണ ഗ്രാമസഭയില്‍ ഉന്നയിച്ചിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
രണ്ട് റോഡുകളും പൂര്‍ത്തിയായാല്‍ പരപ്പ-നീലേശ്വരം ഭാഗങ്ങളിലേക്ക് ഉമിച്ചി, കോട്ടക്കുന്ന്, ആനക്കല്ല്, മലപ്പച്ചേരി പ്രദേശത്തുകാര്‍ക്ക് എളുപ്പം എത്തിച്ചേരാം. റോഡ് പൊളിഞ്ഞതിനാല്‍ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ആനക്കല്ല് ഭാഗത്ത് നാന്തന്‍കുഴി പട്ടികവര്‍ഗ കോളനിയിലേക്കുള്ള റോഡും ഉള്‍പ്പെടുന്നു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ മടിക്കൈ ഉള്‍പ്പെടുത്തിയതോടെ റോഡിന്റെ പ്രാധാന്യം വര്‍ധിക്കുകയാണ്. റോഡ് വികസനത്തിന് എട്ടുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിക്കായി അയിച്ചിട്ടുണ്ടെന്ന് വാര്‍ഡംഗം എ.വി.ബാലകൃഷ്ണന്‍ പറയുന്നു.

More Citizen News - Kasargod