വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയായി തണല്‍മരം

Posted on: 09 Aug 2015



തൃക്കരിപ്പൂര്‍: പിഞ്ചുകുട്ടികള്‍ക്ക് ഭീഷണിയായി സെന്റ് പോള്‍സ് സ്‌കൂള്‍ പരിസരത്തെ തണല്‍മരം. സ്‌കൂളിലെ 1200-ല്‍പ്പരം കുട്ടികള്‍ക്കും ഇതുവഴിയുള്ള യാത്രക്കാര്‍ക്കുമാണ് മരം ഭീഷണിയായിട്ടുള്ളത്. റെയില്‍വേസ്റ്റേഷന് മുന്‍വശത്തുനിന്ന് സെന്റ് പോള്‍സ് സ്‌കൂള്‍ പരിസരത്തുകൂടി വടക്കേ കൊവ്വല്‍ കടന്നുപോകുന്ന റോഡിലും ഇത് ഭീതിയുണ്ടാക്കുന്നു. സ്‌കൂളിലേയ്ക്കുള്ള കാല്‍നടയാത്രക്കാരും കുട്ടികളെ കൊണ്ടുവരാനും കൊണ്ടുപോകാനും എത്തുന്ന നിരവധി വാഹനങ്ങള്‍ക്കും അപകടമുണ്ടാക്കുന്നതരത്തിലാണ് റോഡിലേക്ക് ഇറങ്ങിനില്ക്കുന്ന മരമുള്ളത്. കാറ്റുംമഴയും ഉണ്ടായാല്‍ മരച്ചില്ലകള്‍ ഒടിഞ്ഞുവീഴുന്നത് പതിവാണ്. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയാണ് പലപ്പോഴും യാത്ര തുടരുന്നത്. മരത്തിന്റെ വേരുകള്‍ റോഡിലേക്ക് ഉയര്‍ന്നുനില്ക്കുന്നുമുണ്ട്. പഞ്ചായത്ത് അധികൃതര്‍ മരം മുറിച്ചുമാറ്റുകയോ ഒടിഞ്ഞുതൂങ്ങുന്ന ശിഖരങ്ങള്‍ വെട്ടിമാറ്റുകയോ ചെയ്യണമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

More Citizen News - Kasargod