വിദ്യാര്‍ഥികളില്‍ കൗതുകം നിറച്ച് വിജ്ഞാനോത്സവവേദി
Posted on: 09 Aug 2015
പെരിയ: വിദ്യാര്‍ഥികളില്‍ കൗതുകമുണര്‍ത്തി പ്രകാശത്തിന്റെ പ്രതിഭാസങ്ങള്‍. കൊളോയിഡല്‍ ലായനിയിലൂടെ കടത്തിവിട്ട ചുവന്ന ലേസര്‍പ്രകാശം പൂര്‍ണമായും വളയുന്നത് കുട്ടികള്‍ക്ക് ശാസ്ത്രലോകത്തുനിന്നുള്ള പുതിയ അനുഭവമായി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പ്രകാശവര്‍ഷം മുഖ്യ പ്രമേയമായി നടത്തിയ യൂറീക്ക വിജ്ഞാനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനവേളയിലാണ് പ്രകാശത്തിന്റെ പൂര്‍ണ ആന്തരിക പ്രതിഫലനം എന്ന പ്രതിഭാസം ലഘുപരീക്ഷണത്തിലൂടെ ദൃശ്യവത്കരിച്ചത്. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിലൂടെ പ്രകാശത്തെ വളഞ്ഞ സഞ്ചാരപാതയിലൂടെ നയിക്കുന്നത് ഈ തത്ത്വം ഉപയോഗിച്ചാണ്.
പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരിഷത്ത് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ഗോപാലന് ഉദ്ഘാടനം ചെയ്തു. പി.കുഞ്ഞിരാമന് അധ്യക്ഷതവഹിച്ചു.
പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ വിവിധ സ്കൂളുകളില്‍നിന്ന് തിരഞ്ഞെടുത്ത 42 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വി.കെ.കൃഷ്ണകുമാര്‍, പി.ജയദേവന്, എ.വി.കൃഷ്ണന്, കെ.വി.സതി, പി.മിനി, എം.വേലായുധന് എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് പഞ്ചായത്തംഗം മാധവന് പുക്കളം സര്‍ട്ടിഫിക്കറ്റുകളും പുസ്തകങ്ങളും വിതരണം ചെയ്തു.