ശനിയാഴ്ച ഉദ്ഘാടനം ചെയ്ത ചെക്ക് ഡാം ഇന്ന് വീണ്ടും ഉദ്ഘാടനം ചെയ്യും

Posted on: 09 Aug 2015നീലേശ്വരം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത് നാട്ടുകാര്‍ക്ക് തുറന്ന് കൊടുത്ത ചെക്ക് ഡാം കം ബ്രിഡ്ജ് (വി.സി.ബി. കം ട്രാക്ടര്‍ വേ) ഞായറാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വീണ്ടും ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം പാമ്പങ്ങാനത്താണ് സംഭവം.
പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ച പദ്ധതി 42 ലക്ഷം രൂപ ചെലവിലാണ് നിര്‍മിച്ചിരിക്കുന്നത്. ബിരിക്കുളം, കൊട്ടമടല്‍, പാമ്പങ്ങാനം പ്രദേശക്കാര്‍ക്ക് എളുപ്പത്തില്‍ വെള്ളരിക്കുണ്ടില്‍ എത്തിച്ചേരാനുള്ള വഴിയാണിത്. ആഗസ്ത് 14-ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെകൊണ്ട് ചെക്ക് ഡാം ഉദ്ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, മന്ത്രിക്ക് അസൗകര്യമുള്ളതിനാല്‍ ആഗസ്ത് 14-ന് ഉദ്ഘാടനം നടത്തുന്നത് തടസ്സമായി. അതിനിടയില്‍ സി.പി.എം. നേതൃത്വം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെകൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനുള്ള നീക്കം നടത്തുന്നതിനിടയിലാണ് ശനിയാഴ്ച രാവിലെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍ ബ്രിഡ്ജ് നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തത്. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.വി.രവി, ഗ്രാമപ്പഞ്ചായത്ത് അംഗം അഡ്വ. കെ.കെ.നാരായണന്‍ തുടങ്ങി കോണ്‍ഗ്രസ് ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഉദ്ഘാടനം അറിയാന്‍ സി.പി.എം. നേതൃത്വം ഏറെ വൈകിയിരുന്നു. അറിഞ്ഞയുടനെ ഞായറാഴ്ച വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവിയെകൊണ്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
അതീവരഹസ്യമായി ബ്ലോക്ക് പഞ്ചായത്തിന് അവകാശപ്പെടാനില്ലാത്ത പദ്ധതി ഉദ്ഘാടനംചെയ്തത് അംഗീകരിക്കാനാവില്ലെന്ന് സി.പി.എം. നേതൃത്വം അറിയിച്ചു. അതേസമയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മണനുമായി മന്ത്രി ഇല്ലാത്ത കാര്യവും മറ്റും അന്വേഷിച്ചിരുന്നതായും പരപ്പ ബ്ലോക്ക് പരിധിയിലെ പദ്ധതിയായതിനാലാണ് എത്രയും പെട്ടെന്ന് തുറന്ന് കൊടുത്തതെന്നും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, ഞായറാഴ്ച വീണ്ടും നടക്കുന്ന ഉദ്ഘാടനപരിപാടി ഗംഭീരമാക്കാന്‍ സി.പി.എം. നേതൃത്വം പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ബ്ലോക്ക് പ്രസിഡന്റിന്റെ നടപടി അപലപനീയമാണെന്ന് സി.പി.എം. നേതൃത്വം അറിയിച്ചു.

More Citizen News - Kasargod